nateshan-happy

തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൽ.ഡി.എഫ് ജയിച്ചത് തന്റെ ഇടപെടൽ മൂലമാണെന്ന് വിശ്വസിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള വെങ്ങല്ലൂർ ഗുരു ഐ.ടി.ഐ മന്ദിരോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിൽ ഒരു സീറ്റ് എൽ.ഡി.എഫിന് കിട്ടിയെങ്കിൽ അതിൽ എന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. അത് ഏതെങ്കിലും സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെന്നോ ഷാനിമോൾ ഉസ്മാനെ തോൽപ്പിക്കണമെന്നോയുള്ള വിചാരംകൊണ്ടല്ല. ആലപ്പുഴ ജില്ലയിലെ കോൺഗ്രസുകാർ എപ്പോഴും എന്റെ മൊട്ടത്തലയിൽ തോണ്ടിക്കൊണ്ടിരിക്കും. ആലപ്പുഴ ഡി.സി.സിക്ക് മാത്രമാണ് ഈ പ്രശ്‌നം. അതിന് ചെറിയൊരു ഷോക്ക്ട്രീറ്റ്‌മെന്റ് നൽകണമെന്ന് വിചാരിച്ചു. അത്രയേയുള്ളൂ.

എൻ.ഡി.എയ്ക്ക് കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ അര ശതമാനം വോട്ട് മാത്രമാണ് കൂടുതൽ കിട്ടിയത്. ശബരിമല വിഷയം അത്ര ശക്തമായിരുന്നെങ്കിൽ കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്ത് പോകില്ലായിരുന്നു. 50 ശതമാനം ന്യൂനപക്ഷങ്ങളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ശക്തമാണെന്ന് കണ്ടപ്പോൾ ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിനെ സഹായിച്ചു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ മോദി വിരുദ്ധ വികാരമാണ് കേരളത്തിലുണ്ടായത്. ന്യൂനപക്ഷങ്ങൾ ഒരേ മനസായി മോദിക്കെതിരെ വോട്ട് ചെയ്തു. ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് ഇടതുപക്ഷത്തിന് ക്ഷീണമായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.