ll
ലക്കം വെള്ളച്ചാട്ടത്തിൽ മറിഞ്ഞു വീണ മരം.

മറയൂർ: മറയൂർ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ലക്കം വെള്ളച്ചാട്ടത്തിൽ വലിയ ഞാവൽമരം മറിഞ്ഞു വീണു.വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരുന്ന സഞ്ചാരികളെ വനംവകുപ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടൽ മൂലം രക്ഷിക്കാൻ കഴിഞ്ഞു.വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. ശനിയാഴ്ച രാവിലെ 11.30നാണ് സംഭവമുണ്ടായത്. ഞാവൽമരം കടപുഴകി വെള്ളച്ചാട്ടത്തിലേക്ക് മറിയുകയായിരുന്നു.കഴിഞ്ഞ പ്രകൃതിക്ഷോഭ സമയത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരത്തിന്റെ വേരുകളിൽ നിന്നും മണ്ണ് ഒഴുകി പോയിരുന്നു. മഴയോ, കാറ്റോ ഇല്ലാതിരുന്ന സമയത്താണ് മരം താഴെ വീണത്. സാവധാനം മരം മറിയുന്നതു കണ്ടയുടൻ ജീവനക്കാർ സഞ്ചാരികളെ ആ ഭാഗത്ത് നിന്നും ഒഴിവാക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല. വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് മൂന്നാർ മറയൂർ സംസ്ഥാന പാതയോടു ചേർന്നുള്ള ലക്കം വെള്ളച്ചാട്ട വിനോദ സഞ്ചാര കേന്ദ്രം. അവധികാലം കഴിയുന്നതിനാൽ സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു.ഉന്നത ഉലദ്യാഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ച് അനുവാദം കിട്ടിയാൽ മരം മുറിച്ചുമാറ്റി സഞ്ചാരികൾക്ക് വീണ്ടും പ്രവേശന അനുമതി നല്കുമെന്ന് ഇരവികുളം നാഷണൽ പാർക്ക് അസി. വാർഡൻ സന്ദീപ്.ആർ പറഞ്ഞു.