selvaraj

രാജാക്കാട് : തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസം ഉടുമ്പൻചോലയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വിശ്വനാഥൻ കോളനി നിവാസി സെൽവരാജ് (60) മരിച്ചു. മധുര രാജാജി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. കേസിൽ പൂക്കലാർ സ്വദേശി അരുൾ ഗാന്ധി (56) പൊലീസ് കസ്റ്റഡിയിലായി. കൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ അരുൾ ഗാന്ധിയുടെ മകനെ പൊലീസ് തിരയുന്നു. മരിച്ച സെൽവരാജ് സി.പി.എമ്മിന്റെയും, അരുൾ ഗാന്ധി കോൺഗ്രസിന്റെയും അനുഭാവികളാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്:

'' മേയ് 23ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ ആഹ്ളാദ പ്രകടനത്തിനിടയിലാണ് സംഭവം. പൂക്കലാറിലെ മരണവീട് സന്ദർശിച്ചശേഷം സെൽവരാജ് നടന്നു വരുന്നതിനിടെ റോഡിൽ വച്ച് അരുൾഗാന്ധിയെ കണ്ടു. കടം നൽകിയ തുക സെൽവരാജ് തിരികെ ആവശ്യപ്പെട്ടു. തുടർന്ന് അരുൾഗാന്ധിയും സെൽവരാജുമായി വാക്കുതർക്കമായി. റോഡിൽ ഇരുവരും ഏറ്റുമുട്ടി. ഇതിനിടെ അരുൾഗാന്ധിയുടെ മകൻ ജിമ്പു എത്തി സെൽവരാജിനെ മർദ്ദിച്ചു. പൊട്ടിയ തറയോട് കൊണ്ടുള്ള അടിയിൽ സെൽവരാജിന് ഗുരുതരമായി പരിക്കേറ്റു. പൊലീസെത്തി തേനി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നതിനാൽ മധുര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.'

ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ശനിയാഴ്ച രാത്രി സെൽവരാജ് മരിച്ചു. തലയ്‌ക്കേറ്റ ക്ഷതത്തെ തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടുമ്പൻചോലക്ക് സമീപം പൂക്കലാറിൽ വാടക വീട്ടിൽ തനിച്ച് താമസിച്ചിരുന്ന അരുൾഗാന്ധിയെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നെടുങ്കണ്ടം പാറത്തോട്ടിൽ ആയിരുന്നു സെൽവരാജ് മുമ്പ് താമസിച്ചിരുന്നത്. അടുത്തയിടെയാണ് ഉടുമ്പൻചോല ടൗണിന് സമീപം വിശ്വനാഥൻ കോളനിയിൽ കുടുംബ സമേതം എത്തിയത്. മധുര മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം പാറത്തോട് പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു. തോട്ടം തൊഴിലാളിയായ മുത്തുലക്ഷമിയാണ് ഭാര്യ. മക്കൾ: മുരുകേശ്വരി, മീന, മണികണ്ഠൻ.

 രാഷ്ട്രീയ കൊലപാതകമെന്ന് സി.പി.എം

സെൽവരാജിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് സി.പി.എം ആരോപിച്ചു. യു.ഡി.എഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ തങ്ങളുടെ പ്രവർത്തകനായ സെൽവരാജിനെ ആക്രമിക്കുകയായിരുന്നുവെന്നും രാഷ്ട്രീയ പകപോക്കലാണ് ലക്ഷ്യമെന്നും ഇവർ ആരോപിച്ചു. ഉടുമ്പൻചോല ടൗണിലും, പാറത്തോട് സി.പി.എം ഓഫീസിലും മൃതദേഹം പൊതു ദർശനത്തിന് വച്ചു. സി.പി.എം ഉടുമ്പൻചോല ടൗണിൽ പ്രതിഷേധ യോഗം പ്രകടനവും നടത്തി.

ആരോപണം അടിസ്ഥാന രഹിതം: ഡി.സി.സി

വ്യക്തികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നു നടന്ന കൊലപാതകത്തിന് രക്തസാക്ഷി പരിവേഷം നൽകി രാഷ്ട്രീയ വത്കരിക്കാൻ സി.പി.എം ഗൂഡാലോചന നടത്തുന്നതായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം.