kk
മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു.

രാജാക്കാട്: എൻ ആർ സിറ്റി കണ്ണച്ചേരിയിൽ മായയുടെ വീട്ടിൽ നിന്നുപതിമൂന്ന് പവൻ സ്വർണ്ണവും ഒരു കമ്പ്യൂട്ടറും എൽ ഇ ഡി റ്റിവിയും മോഷണംപോയി.
കഴിഞ്ഞ ദിവസ്സം പൂപ്പാറയിൽ ഉണ്ടായ മോഷണത്തിന് സമാനമായ രീതിയിലാണ് എൻ ആർ സിറ്റിയിലെ പൂട്ടിക്കിടന്നിരുന്ന വീട്ടിൽ നിന്നും സ്വർണ്ണമടക്കം മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടുടമസ്ഥയായ മായയും കുട്ടികളും കോതമംഗലത്തിന് പോയത്. തുടർന്ന് ഇന്നലെ വീട്ടിലെത്തുമ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്. വീടു തുറന്ന് അകത്തുകടന്ന സമയത്ത് ഹാളിലുണ്ടായിരുന്ന ടി വി കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടെത്തി. മറ്റ് മുറികൾ അകത്തു നിന്നും പൂട്ടിയിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവർ രാജാക്കാട് പൊലീസിൽ വിവരമറിയിച്ചു.
കിടപ്പു മുറിയുടെ ജനൽ ക്രാസി മുറിച്ച് അകത്തു കടന്നാണ് മോഷമം നടത്തിയിരിക്കുന്നത്. മുറിക്കുള്ളിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന പതിമൂന്ന് പവൻ സ്വർണ്ണവും ഒരു കമ്പ്യൂട്ടറും എൽ ഇ ഡി റ്റിവിയുമാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസ്സം രാത്രിയിൽ ശക്തമായ മഴ പെയ്ത സമയത്താമ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാജാക്കാട് സി ഐ എച്ച് എൽ ഹണി, എസ് ഐ പി ഡി അനൂപ്‌മോൻ, എ എസ് ഐ സി വി ഉലഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.