kk
ഹിൽവ്യൂ പാർക്കിൽ ആരംഭിക്കുന്ന ബർമാ ബ്രിഡ്ജ്

മന്ത്രി എം എം മണി ഇന്ന് ഉദ്ഘാടനം ചെയ്യും

ചെറുതോണി.:സാഹസിക ടൂറിസം തേടി അന്യനാടുകളിലേക്കെത്തുന്ന ന്യൂജനറേഷൻ ഇനി കൊലുമ്പന്റെ നാട്ടിൽ വിനോദത്തിലേർപ്പെടാം. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമിന്റെ ജലസമൃദ്ധിയും ഇടുക്കി ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യചാരുതയും ഒരുമിക്കുന്ന ഹിൽവ്യൂ പാർക്കിലാണ് അഡൈ്വഞ്ചർ ടൂറിസത്തിന് അരങ്ങുണരുന്നത്. ഇതാദ്യമായാണ് ജില്ലയിൽ ഒരു സഹകരണ ബാങ്ക് ടൂറിസം രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. വാഴത്തോപ്പ് സർവ്വീസ് സഹകരണ ബാങ്കും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സംയുക്ത സംരംഭമായാണ് സാഹസിക ടൂറിസം ആരംഭിക്കുന്നത്. യുവാക്കളുടെ ഹരമായ ബർമാ ബ്രിഡ്ജ് സ്‌കൈ സൈക്കിൾ, ബഞ്ചി ട്രംമ്പിൾ, എയ്‌റോസോഫ്റ്റ്, എയർഡ്രൈക്കിൾ ഷൂട്ടിംഗ് തുടങ്ങിയ സാഹസിക വിനോദ ഉപാധികളാണ് പാർക്കിൽ ആരംഭിക്കുന്നത്.. കാർഷിക മേഖലയിൽ ഊന്നി നിന്ന് നിക്ഷേപങ്ങളും വായ്പകളും മറ്റ് സാമ്പത്തിക ഇടപാടുകളും നടത്തിപ്പോന്ന വാഴത്തോപ്പ് ബാങ്ക് സമീപകാലത്തായി വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറുകയാണ്. ടൂറിസം മേഖലയിലേക്കുള്ള ചുവട് വയ്പ് ബാങ്കിന്റെ വളർച്ചയ്ക്ക് നിർണ്ണായകമാകുമെന്ന് ബാങ്ക് പ്രസിഡന്റ് ജോർജ് പോൾ തെക്കേമാലിയിൽ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4 ന് ഹിൽവ്യൂ പാർക്കിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വൈദ്യുതി മന്ത്രി എം എം മണി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. റോഷി അഗസ്റ്റിൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എച്ച് ദിനേശൻ മുഖ്യ പ്രഭാഷണം നടത്തും. ബാങ്ക് നിർമ്മിച്ചു നൽകുന്ന കെയർകോം വീടുകളുടെ താക്കോൽ ദാനം ജോയിന്റ് രജിസ്ട്രാർ ബി സുഷമകുമാരി നിർവ്വഹിക്കും. കെ എസ് ആർ ടി സി ഡയറക്ടർ സി വി വർഗീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ലിസ്സമ്മ സാജൻ, ടിന്റു സുഭാഷ്, പ്രഭാ തങ്കച്ചൻ, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഡി ടി പി സി അംഗം അനിൽ കൂവപ്ലായ്ക്കൽ, ബാങ്ക് ഡയറക്ടർ പി ബി സബീഷ് എന്നിവർ സംസാരിക്കും. ഡി ടി പി സി സെക്രട്ടറി ജയൻ പി വിജയൻ സ്വാഗതവും ബാങ്ക് പ്രസിഡന്റ് ജോർജ് പോൾ നന്ദിയും പറയും.