ചെറുതോണി: ഇടുക്കി എ.ആർ. ക്യമ്പിലെ പൊലീസുദ്യോഗസ്ഥന്റെ തട്ടിപ്പിനെ സംബന്ധിച്ച് നിയമസഭാ സമിതി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ടുതേടി. അഞ്ചുകോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്വന്തമായി പണമില്ലാത്തവർ ലോണെടുത്താണ് ഇതിനായി തുക നൽകിയത്. ലോണെടുത്തു നൽകുന്നവർക്ക് മാസംതോറും ലോണിലേയ്ക്ക് അടയ്‌ക്കേണ്ട തുകയും അതേ തുക കൈവശമായും കൊടുക്കുമെന്നാണ് വാഗ്ദാനം നൽകിയിരുന്നത്. ആദ്യം പണം നൽകിയവർക്കെല്ലാം ഇത്തരത്തിൽ ലോണടയ്ക്കുകയും അതേ തുക കൈവശമായും നൽകുകയും ചെയ്തിരുന്നു. ഇതു ലാഭകരമാണന്നറിഞ്ഞ് നിരവധിപേരാണ് പണം നൽകിയത്. തട്ടിപ്പിനിരയായവർ അഞ്ചുലക്ഷം മുതൽ 20ലക്ഷം രൂപവരെ നൽകിയിട്ടുണ്ട്. അറുപതോളംപേരിൽ നിന്നായി അഞ്ചുകോടിയിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. തട്ടിപ്പിനിരയായവരെല്ലാം പൊലീസുകാർ തന്നെയാണ്. ഇവരുടെ സാലറി സർട്ടിഫിക്കറ്റിന്റെ ഈടിൻമേൽ പരസ്പര ജാമ്യത്തിൽ ലോണെടുത്ത്. മൂന്നുവർഷം മുമ്പാണ് തട്ടിപ്പാരംഭിച്ചത്. രണ്ടുവർഷം മുമ്പുവരെ ആദ്യഘട്ടത്തിലുള്ളവരുടെ ലോണെടക്കുകയും കൂടാതെ പണം നൽകിയിരുന്നതുമാണ്. എന്നാൽ കൂടുതൽപേർ പണം നൽകിയതോടെ ഇയാൾ മുങ്ങുകയായിരുന്നു. ഇപ്പോൾ ഒരുവർഷത്തിലധികമായി ജോലിയ്‌ക്കെത്താത്തതിനാൽ ഇയാളെ പിരിച്ചു വിടാനുള്ള നടപടികളാരംഭിച്ചതോടെ പണം നഷ്ടപ്പെട്ടവർ ആശങ്കയിലാണ്.. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ പൊലീസുകാരനാണ് തട്ടിപ്പു നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടത്തിയ തട്ടിപ്പിന് സമാനമായാണ് ഇടുക്കിയിലും തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവർ തൊടുപുഴയിൽ പരാതി നൽകിയെങ്കിലും ഇടുക്കിയിൽ പരാതി നൽകാത്തതാണ് കേസെടുക്കാത്തതെന്ന് പറയുന്നു. തട്ടിപ്പു നടത്തിയ പൊലീസുകാരൻ ഓൺലൈനിൽ ചീട്ടുകളി നടത്തിയതിനാലാണ് പണം നഷ്ടമായതെന്നും പറയപ്പെടുന്നു.