കോൺഗ്രസ് ഓഫീസും മിൽമാ സൊസൈറ്റിയും അടിച്ച് തകർത്തു

ഉടുമ്പൻചോല: പാർട്ടി പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേത്യത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. കോൺഗ്രസ് നേതാക്കൾ അടക്കം നാല് പേർക്ക് പരിക്ക്. കോൺഗ്രസ് പാർട്ടി ഓഫീസും മിൽമാ സൊസൈറ്റിയും അടിച്ചു തകർത്തു. സംഘർഷത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന സിപിഎം പ്രവർത്തകൻ ഉടുമ്പൻചോല വിശ്വനാഥൻ കോളനി സ്വദേശി സെൽവരാജ് ശനിയാഴ്ച മരിച്ചിരുന്നു. ഇത് രാഷ്ട്രിയ കൊലപാതകമാണെന്ന് ആരോപിച്ചാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഉടുമ്പൻചോല ടൗണിൽ ഇന്നലെ വൈകുന്നേരം പ്രതിഷേധപ്രകടനം നടന്നത്. പ്രകടനം നടക്കുമ്പോൾ കോൺഗ്രസ് ഓഫീസിൽ ഉണ്ടായിരുന്ന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബെന്നി തുണ്ടത്തിൽ, ഡിസിസി മെമ്പർ സി.സി വിജയൻ, എന്നിവർക്ക് നേരെ കയ്യേറ്റമുണ്ടായി.. യുഡിഎഫ് ഭരണസമിതിയുടെ കീഴിലുളള മിൽമാ സൊസൈറ്റിയും പ്രവർത്തകർ അടിച്ചു തകർത്തു. ഉടുമ്പൻചോല, പാറത്തോട്, മൈലാടുംപാറ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിമരങ്ങളും നശിപ്പിച്ചു. ആപ്‌കോസ് പ്രസിഡന്റും ഡിസിസി മെമ്പറുമായ പി.ഡി ജോർജ്ജ്, മകൻ ടിബിൻ എന്നിവരേയും ആക്രമിച്ചു. ഇരുവരേയും ഓഫീസിന് പുറത്ത് ഇറങ്ങുവാൻ അനുവദിച്ചില്ല. പൊലീസ് എത്തി ഇരുവരേയും പുറത്ത് ഇറക്കുകയായിരുന്നു. ബെന്നിയെ നെടുങ്കണ്ടത്തുള്ള ആശുപത്രിയിലേയ്ക്ക് പൊലീസ് കൊണ്ടുപോന്നെങ്കിലും പാറത്തോട്ടിൽ സംഘർഷാവസ്ഥ ആയതിനാൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.സി വിജയൻ, പി.ഡി ജോർജ്ജ്, ടിബിൻ എന്നിവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല പൊലീസ് മേധാവി കെ.ബി വേണുഗോപാലിന്റെ നേത്യത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തി സംഘർഷം നീയന്ത്രണവിധേയമാക്കുകയായിരുന്നു. സംഘർഷ സാദ്ധ്യത തുടരുന്നതിനാൽ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.