മറയൂർ: മറയൂർ ടൗണിൽ ഇലക്ട്രോണിക്സ് കടയിൽ കയറി സ്ഥാപന ഉടമയെ വധിക്കാൻ ശ്രമം. രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥാപന ഉടമ മറയൂർ പുതച്ചിവയലിൽ പുതുവാൻ കുന്നേൽ തങ്കച്ചൻ (56), കത്തിക്കുത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി സജീവ് എന്നിവർക്കും പരിക്കേറ്റു.ഇവരെ ആക്രമിച്ച കേസിൽ മറയൂർ കൂടവയൽ സ്വദേശി ശിവ, പുളിക്കര വയൽ സ്വദേശി സൂര്യ എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പരിക്കേറ്റവരെ മറയൂർ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കച്ചന്റെ കടയിൽ കാർ സ്റ്റീരിയോ നന്നാക്കുന്നതിന് ശിവ ഏൽപ്പിച്ചിരുന്നു. നന്നാക്കി ഞായറാഴ്ച രാവിലെ പ്രവർത്തിപ്പിച്ച് കാണിച്ച് തിരികെ കൊടുത്തു.വൈകുന്നേരം 6.15 മണിയോടു കൂടി കടയിലെത്തിയ യുവാക്കൾ സ്റ്റീരിയോ കത്തിപ്പോയി എന്നു പറഞ്ഞ് തങ്കച്ചനുമായി തർക്കത്തിലായി. യുവാക്കൾ കാർ സ്റ്റീരിയോ വലിച്ചെറിഞ്ഞ് വന്ന ഓട്ടോറിക്ഷയിൽ നിന്നും കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. സമീപത്ത് വ്യാപാര സ്ഥാപനം നടത്തുന്ന സോണി, സജീവ് എന്നിവർ ഓടിയെത്തിയെങ്കിലും തങ്കച്ചനെ കത്തി വച്ച് തലയിൽ കുത്തി. പിടിച്ചു മാറ്റുവാൻ ശ്രമിച്ച സജിയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. മറയൂർ പൊലീസ് കേസ്സെടുത്ത് അന്വേഷിച്ചു വരുന്നു.