തൊടുപുഴ: നിപ വൈറസ് ബാധിതനാണെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് ചികിത്സയിലുള്ള എൻജിനിയറിംഗ് വിദ്യാർത്ഥി പഠിക്കുന്ന തൊടുപുഴയ്ക്കടുത്ത സ്വകാര്യ കോളേജിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലുമെത്തി ആരോഗ്യവകുപ്പ് പരിശോധന നടത്തി. രോഗം പിടിപെട്ടത് ഇടുക്കിയിൽ നിന്നാണെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന.
ഇന്നലെ രാവിലെ 10 മണിയോടെ ഇടുക്കി ഡി.എം.ഒ ഡോ. എൻ. പ്രിയയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം കോളേജിലെത്തി. തുടർന്ന് വിദ്യാർത്ഥിയുടെ സഹപാഠികളുടെ പേര് വിവരങ്ങളും മറ്റും ശേഖരിച്ചു. വൈകിട്ട് മൂന്ന് മണിയോടെ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.കെ. സുഷമയുടെ നേതൃത്വത്തിൽ കോളേജിനടുത്ത് വിദ്യാർത്ഥി സഹപാഠികൾക്കൊപ്പം താമസിച്ചിരുന്ന വാടക വീട്ടിലും പരിശോധന നടത്തി. കുടിവെള്ള സ്രോതസുകളും വീടിന്റെ പരിസരവും പരിശോധിച്ചു. വീട്ടുടമസ്ഥനോടും അയൽക്കാരോടും വിവരങ്ങൾ തിരക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നാല് പേർക്കൊപ്പമാണ് വിദ്യാർത്ഥി വീട്ടിൽ താമസിച്ചിരുന്നതെന്ന് വ്യക്തമായി. മേയ് 16 വരെ സംഘം ഇവിടെ താമസിച്ചിരുന്നെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
അത് തൊടുപുഴയിൽ നിന്നല്ല
നിപ പിടിപെട്ടിട്ടുണ്ടെങ്കിൽ അത് തൊടുപുഴയിൽ നിന്നല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലാവുന്നതെന്നാണ് ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. 12ന് നാട്ടിലേക്ക് പോയ വിദ്യാർത്ഥി 16ന് പരീക്ഷയെഴുതാനാണ് കോളേജിലെത്തിയത്. പരീക്ഷയെഴുതിയ ശേഷം അന്ന് തന്നെ വീട്ടിലേക്ക് പോയി. തൊടുപുഴയിൽ നിന്ന് പോകുമ്പോൾ പനി ഉണ്ടായിരുന്നില്ല. പിന്നീട് 20 മുതൽ 23 വരെ തൃശൂരിൽ പരിശീലന ക്യാമ്പിലായിരുന്നു. 23നാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്.