രാജാക്കാട് :ബി.എൽ റാവിൽ ഏലത്തോട്ടത്തിലെ മരത്തിന്റെ ശിഖരം ഇറക്കുന്നതിനിടെ വീണ് പരിക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ബി.എൽ റാവിലെ ചുമട്ടുതൊഴിലാളി പുത്തൻപുരയ്ക്കൽ പി.എ ചാക്കോ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ ആണ് അപകടം. സ്വന്തം ഏലക്കാട്ടിലെ തണൽ ക്രമീകരിക്കുന്നതിനായി മറ്റൊരാൾക്കൊപ്പം മരത്തിൽ നിന്നും ശിഖരം മുറിച്ച് മാറ്റുകയായിരുന്നു. ശിഖരത്തിൽ കെട്ടിയിരുന്ന കയർ വലിച്ച് പിടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്നതിനിടെ കല്ലിൽ തട്ടി വീഴുകയും, മുറിഞ്ഞ ശിഖരം ദേഹത്ത് ശക്തിയിൽ വന്നിടിക്കുകയും ചെയ്തു. അവശനിലയിൽ വീണുകിടന്ന ഇദ്ദേഹത്തെ ഉടൻതന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :നൈസി. മക്കൾ: എലിസബത്ത്, ഡേവിഡ്. മരുമകൻ :നെൽസൺ.