തൊടുപുഴ: എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലുമായി ഓരോ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനമാരംഭിച്ചു. അതേസമയം രോഗത്തിന്റെ ഉറവിടം ഇടുക്കി ജില്ലയല്ലെന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിപ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷം ഡി.എം.ഒ ഡോ. എൻ. പ്രിയ ആവർത്തിച്ച് പറഞ്ഞു. ജില്ലയിൽ നിലവിൽ ആരും നിരീക്ഷണത്തിലില്ല. രണ്ടുമാസമായി വാടകവീട്ടിൽ ആരും സ്ഥിരതാമസമുണ്ടായിരുന്നില്ല. പരീക്ഷ തുടങ്ങിയ ഏപ്രിൽ 12 മുതൽ അവസാന ദിവസമായ മേയ് 16വരെ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയടക്കമുള്ളവർ സ്വന്തം വീടുകളിൽ നിന്ന് കോളേജിൽ വന്നുപോവുകയായിരുന്നു. 20നാണ് വിദ്യാർത്ഥിക്ക് പനി പിടിപെടുന്നത്. മേയ് 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വിദ്യാർത്ഥി എവിടെയായിരുന്നെന്ന് കൃത്യമായി അറിയില്ല. തൃശൂരിലെ പരീശീലന സ്ഥലത്ത് നിന്ന് ലഭിച്ച വെള്ളത്തെക്കുറിച്ച് വിദ്യാർത്ഥികൾ പരാതി പറഞ്ഞിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ തൃശൂരിൽ അറിയിച്ചിട്ടുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്. സ്വകാര്യ- സർക്കാർ ആശുപത്രികളിൽ നിന്ന് രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരങ്ങൾ ദിവസവും ശേഖരിക്കുന്നുണ്ട്. ഡോക്ടർമാർക്കും ജീവനക്കാർക്കും രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നിപ രോഗലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തുന്നവരെ പരിചരിക്കേണ്ട രീതിയെക്കുറിച്ചും ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ട്. ട്രിപ്പിൾ ലെയർ മാസ്‌ക്, നിപ്പ രോഗിയെ പരിപാലിക്കുന്തിനുള്ള എൻ-95 മാസ്‌ക് തുടങ്ങിയവയും ആരോഗ്യ വകുപ്പ് പ്രധാന ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്.

വീട്ടിൽ മൃഗസംരക്ഷണവകുപ്പിന്റെ പരിശോധന

നിപ രോഗബാധിതനായ വിദ്യാർത്ഥി താമസിച്ചിരുന്ന തൊടുപുഴയ്ക്കടുത്ത വാടകവീടും പരിസരവും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധിച്ചു. ആശങ്കപ്പെടുത്തുന്ന സാഹചര്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ശേഷം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയിലെ മൃഗസംരക്ഷണ മേഖല സുരക്ഷിതമാണെന്നും വിലയിരുത്തി. ഇന്നലെ രാവിലെ പത്തോടെയാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മഞ്ജു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം വാടകവീട്ടിലെത്തിയത്. വിദ്യാർത്ഥികൾ വെള്ളമെടുത്തിരുന്ന കിണർ സംഘം വിശദമായി പരിശോധിച്ചു. ഇതിൽ വവ്വാലിന്റെ സാന്നിധ്യമൊന്നും കണ്ടെത്താനായില്ല. സമീപത്തെ നാല് വീടുകളിലെ വളർത്തുമൃഗങ്ങളെ പരിശോധിച്ചെങ്കിലും രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. മൃഗങ്ങളുടേയോ പക്ഷികളുടേയോ കാരണം കണ്ടെത്താനാകാത്ത മരണങ്ങളൊന്നും പ്രദേശത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.