ഇടുക്കി: ജില്ലാതല പ്രവേശനോത്സവം രാജാക്കാട് ഗവ. എച്ച്.എസ്.എസിൽ നാളെ രാവിലെ 10ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ നിയുക്ത എം.പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് നവാഗതരെ സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജി പനച്ചിക്കൽ പ്രതിഭകളെ ആദരിക്കും. മൂന്നാർ ഇടമലക്കുടി ഗവ.എൽ.പി.എസ്, നെടുങ്കണ്ടം എസ്.എൻ.എൽ.പി.എസ് പച്ചടി, തൊടുപുഴ സെന്റ് ജോർജ്ജ് എച്ച്.എസ്.എസ് കല്ലാനിക്കൽ, ഇളംദേശം ജി.ടി.എച്ച്.എസ്.എസ് പൂമാല, കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ്.എസ് വെള്ളയാംകുടി, പീരുമേട് ജി.ടി.യു.പി.എസ് കുമളി, അറക്കുളം സെന്റ് തോമസ് എൽ.പി.എസ് തൊടങ്ങനാട് എന്നിവിടങ്ങളിൽ ബ്ലോക്ക്തല പ്രവേശനോത്സവം നടക്കും.
പൊതുവിദ്യാലയത്തിൽ 1,12,985 കുട്ടികൾ
ഈ വർഷം 1,12,985 കുട്ടികളാണ് സർക്കാർ സ്കൂളിൽ പഠിക്കുന്നത്. കഴിഞ്ഞ അദ്ധ്യയനവർഷമിത് 103525 കുട്ടികളായിരുന്നു. 9460 കുട്ടികളാണ് പുതുതായി വിദ്യാലയങ്ങളിൽ എത്തിയത്. ഇതിനകം ഒന്നാം ക്ലാസിൽ മാത്രമായി 4451 കുട്ടികൾ ചേർന്നു. രണ്ട് മുതൽ ഏഴു വരെ ക്ലാസുകളിലായി 5350 കുട്ടികളും എട്ട് മുതൽ 10 വരെ ക്ലാസുകളിലേക്ക് 3279 കുട്ടികളും പുതുതായി പ്രവേശനം നേടി. ഒന്ന് മുതൽ 10 വരെ 13,080 കുട്ടികൾ ജില്ലയിൽ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്. 570ഓളം കുട്ടികൾ അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലെത്തി.
സർക്കാർ സ്കൂളൊക്കെ ഇപ്പോ ഹൈടെക്കാ
ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം മുഴുവൻ സ്‌കൂളുകളിലും എല്ലാ ക്ലാസ് മുറികളും കഴിഞ്ഞ വർഷം ഹൈടെക് ആക്കി. ഇതിന് മാത്രമായി കിഫ്ബി മുഖാന്തിരം 13.63 കോടി ജില്ലയിൽ ചെലവഴിച്ചു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രൈമറി വിഭാഗത്തിലെ 481 സ്‌കൂളുകളിലും ഐ.ടി അധിഷ്ഠിത വിദ്യഭ്യാസം നൽകുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടർ ലാബുകൾ സ്ഥാപിക്കുകയാണ്. ഇതിന്റെ പ്രവർത്തനങ്ങൾ ജൂലായിൽ പൂർത്തീകരിക്കും.
സൗജന്യയൂണിഫോമും പാഠപുസ്തകവും
വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയുടെ വിതരണം പൂർത്തിയായി വരുന്നു. സർക്കാർ സ്‌കൂളുകളിലെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്കും എയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുമാണ് യൂണിഫോം സൗജന്യമായി നൽകുന്നത്.