ഇടുക്കി: അണക്കരയിൽ മീൻ വിൽപ്പനയുടെ മറവിൽ സ്‌കൂൾ പരിസരത്ത് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. തേനി പെരിയകുളം കോട്ടൂർസ്വദേശി അയ്യനാരാണ് (58) 50 ഗ്രാം ഉണക്ക ഗഞ്ചാവുമായി ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ പരിസരത്ത് രണ്ട് ദിവസങ്ങളായി എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങൾ കടകളിൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തുന്നതിനിടെ അണക്കര ഗവ. ഹൈസ്‌കൂളിന് സമീപം നിൽക്കുകയായിരുന്ന പ്രതിയെക്കണ്ട് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പത്ത് ചെറിയ പൊതികളിലായി അടിവസ്ത്രത്തിനുള്ളിലാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കമ്പത്ത് നിന്ന് വാങ്ങിയ കഞ്ചാവ് ഇടപാടുകാർക്ക് വിൽക്കുന്നതിനായി കാത്ത് നിൽക്കുകയായിരുന്നെന്നും മീൻ വിൽപ്പനയുടെ മറവിലായിരുന്നു കച്ചവടമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനകളിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി. തുളസീധരൻ, പ്രിവന്റീവ് ഓഫീസർ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോഷി, ജോഫിൻ, അരുൺ, വനിതാ സി.ഇ.ഒ മായ എന്നിവരും പങ്കെടുത്തു.