രാജക്കാട്: ചിന്നക്കനാലിൽ ഭൂമിയ്ക്കും വീടിനുമായുള്ള ഭൂരഹിത തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നു. ആറിന് റവന്യൂ മന്ത്രി വിളിച്ചിരുന്ന ചർച്ച 17 ലേയ്ക്ക് മാറ്റി. അഞ്ച് സെന്റ് സ്ഥലവും കയറിക്കിടക്കാൻ വീടും എന്ന തങ്ങളുടെ ആവശ്യം സർക്കാൻ അംഗീകരിച്ചുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. സി.പി.എം നേതൃത്വം നൽകുന്ന എച്ച്.ആർ.ടി.ടി യൂണിയൻ 14നാണ് വില്ലേജ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല ധർണ ആരംഭിച്ചത്. സി.ഐ.ടി.യുവിന്റെയും യൂണിയന്റെയും നേതൃത്വം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെ കണ്ട് നിവേദനം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അനുകൂലമായ നീക്കങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിലും അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ആറിന് മന്ത്രി എം.എം. മണി, എസ്. രാജേന്ദ്രൻ എം.എൽ.എ എന്നിവരെ റവന്യൂ മന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ചില അസൗകര്യങ്ങൾ കാരണം 17ലേയ്ക്ക് മാറ്റി. ഈ ചർച്ചയിൽ കാര്യങ്ങൾക്ക് തീരുമാനമാകുമെന്നാണ് സൂചന. വില്ലേജ് ഓഫീസിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല ധർണയുടെ ഇന്നലത്തെ ഉദ്ഘാടനം എസ്. രാജേന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി.എക്സ്. ആൽബിൻ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം വേലുച്ചാമി എന്നിവർ സംസാരിച്ചു. സി.പി.ഐയുടെയും സമര സമിതിയുടെയും നേതൃത്വത്തിൽ സൂര്യനെല്ലി ടൗണിന് സമീപം നടത്തുന്ന സമരവും തുടരുകയാണ്. നൂറ്റമ്പതോളം കുടുംബങ്ങൾ കഴിഞ്ഞ ഏപ്രിൽ 21 നാണ് റവന്യൂ ഭൂമിയിൽ ഷെഡുകൾ നിർമ്മിച്ച് സമരം ആരംഭിച്ചത്. കോൺഗ്രസും ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങളോളം തോട്ടം മേഖലയിൽ ജോലിചെയ്ത് വിരമിച്ച ഭൂമിയോ വീടോ ഇല്ലാത്ത ആയിരത്തിലധികം കുടുംബങ്ങളാണ് ചിന്നക്കനാൽ പ്രദേശത്തുള്ളത്.