മറയൂർ: ലൈഫ് ഭവനപദ്ധതിയിൽ വീടിന് പണം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഗൃഹനാഥൻ പഞ്ചായത്ത് ഓഫീസിന് മുമ്പിലെ റോഡിൽ കുത്തിയിരുന്നു സമരം നടത്തി. മറയൂർ പഞ്ചായത്തിൽ ചെറുവാട് കുടിയിൽ മാരിയുടെ മകൻ മുരുകവേലാണ് (61) മറയൂർ പഞ്ചായത്ത് ഓഫീസിന് മുമ്പിലെ മൂന്നാർ ഉടുമലൈ സംസ്ഥാന പാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ആറു മാസം മുമ്പ് പഞ്ചായത്തിൽ നിന്ന് ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ കരാറിൽ ഒപ്പിട്ടു നൽകിയിരുന്നു. പണം അനുവദിക്കുമെന്ന പ്രതീക്ഷയിൽ നിലവിലുണ്ടായിരുന്ന വീട് പൂർണമായി പൊളിച്ചു മാറ്റി. ആറുമാസം കഴിഞ്ഞിട്ടും പഞ്ചായത്തിൽ നിന്ന് ഒന്നാം ഗഡു അനുവദിച്ചില്ല. പഞ്ചായത്തിലെത്തി അന്വേഷിച്ചപ്പോൾ കരാർ വച്ചില്ലെന്നു പറഞ്ഞു തിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധിച്ചാണ് മുരുകവേൽ ഒറ്റയാൾ സമരത്തിന് ഒരുങ്ങിയത്. റോഡിൽ കുത്തിയിരുന്ന മുരുകവേലിനെ മറയൂർ എസ്.ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലെത്തിച്ചു. മുരുകവേലിന്റെ പേരിൽ കേസ് ചാർജ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പരാതി ഉയർന്നു വന്നതിനാലാണ് തുക അനുവദിക്കാതിരുന്നതെന്ന് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥനും പഞ്ചായത്ത് അസി. സെക്രട്ടറിയുമായ ജബരാജ് പറയുന്നു. ഭരണ സമിതിയുടെ തീരുമാനം ലഭിച്ച് ഫണ്ട് കിട്ടുന്ന മുറയ്ക്കേ തുക അനുവദിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.