പീരുമേട്: ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഡ്രൈവറും യാത്രക്കാരും ചേർന്ന് തീ നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി. ദേശീയപാത 183ൽ മരുംതുംമൂടിന് സമീപം 36-ാം മൈലിലാണ് സംഭവം. കയറ്റം കയറി വന്ന വാഹനത്തിന്റെ ബോണറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിറുത്തുകയായിരുന്നു. ബോണറ്റിനുള്ളിൽ നിന്ന് ചൂട് വാഹനത്തിനുള്ളിൽ കടക്കാതിരിക്കാൻ പതിപ്പിച്ച തെർമോകൂൾ ഷീറ്റ് സയലൻസർ കുഴലിൽ വീണ് കത്തുകയായിരുന്നു. പുകപടർന്ന വാഹനത്തിൽ നിന്ന് യാത്രക്കാർ ബഹളം വച്ച് പുറത്തിറങ്ങി. യാത്രക്കാരും ഡ്രൈവറും ചേർന്ന് നനഞ്ഞ തുണി ഉപയോഗിച്ചും വെള്ളം ഉപയോഗിച്ചും തീ നിയന്ത്രിച്ചു .വയറിംഗും മറ്റും കത്തിനശിച്ചു.