saneesh
സനീഷ്

അടിമാലി: സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ കയറിയശേഷം ഒന്നര പവന്റെ മാലയുമായി പുറത്തേക്കോടി രക്ഷപ്പെട്ട യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം വിരിപാറ സ്വദേശി വെളിങ്കലിങ്കൽ സനീഷിനെയാണ്‌ (26) പിടികൂടിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ അടിമാലി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെളിയത്ത് ജൂവലറിയിൽ നിന്നായിരുന്നു സനീഷ് മാല മോഷ്ടിച്ചത്. മാല വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ പ്രതി ജീവനക്കാരിൽ നിന്ന് വ്യത്യസ്തമോഡലുകൾ വാങ്ങി പരിശോധിച്ചു. ഇതിനിടെ 40,​000 രൂപ വില വരുന്ന ഒന്നര പവന്റെ മാലയുമായി ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജൂവലറി ഉടമ അടിമാലി പൊലീസിനെ വിവരമറിയിച്ചു. ജൂവലറിക്കുള്ളിലെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രതി മാങ്കുളം സ്വദേശി സനീഷാണെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് വിരിപാറയിലുള്ള സനീഷിന്റെ വീട്ടിലെത്തി പ്രതിയെ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് മോഷ്ടിച്ച മാലയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.