രാജാക്കാട്: ഉടുമ്പൻചോലയിൽ വീണ്ടും സി.പി.എം- കോൺഗ്രസ് സംഘർഷമുണ്ടായി. ഇരു വിഭാഗം പ്രവർത്തകർക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭിലാഷ് ജോർജ് കല്ലുപാലം, ജെയ്മി കുര്യൻ, ജിനേഷ് ഇല്ലിക്കൻ, സി.പി.എം ഉടുമ്പൻചോല ലോക്കൽ കമ്മിറ്റി സെക്രട്ടറി സജികുമാർ, പ്രവർത്തകരായ മുരുകൻ, ലോഹിതദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൊലീസിന്റെ സഹായത്തോടെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഷാഷ് ജോർജിനു നെഞ്ചു വേദന അനുഭവപ്പെട്ടതോടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 5.45 മുതലാണ് ഉടുമ്പൻചോല ടൗണിൽ സംഘർഷം ആരംഭിച്ചത്. കോൺഗ്രസ്- സി.പി.എം പ്രവർത്തകർ ടൗണിന്റെ രണ്ട് ഭാഗങ്ങളിലായി തമ്പടിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. പ്രശ്നം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചു.