രാജാക്കാട്: സേനാപതി അരിവിളംചാലിൽ പറമ്പിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കൾ സംഘം ചേർന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തെങ്ങുംകുടി ജെയിംസിന്റെ ഫാമിൽ വളർത്തിക്കൊണ്ടിരുന്ന കിടാവിനെയാണ് ആക്രമിച്ചത്. ഫാമിന് സമീപത്തെ പാടത്ത് തീറ്റ കൊടുക്കുന്നതിനായി അഴിച്ച് കെട്ടിയപ്പോൾ അലഞ്ഞ് തിരിയുകയായിരുന്ന ആറോളം നായ്ക്കൾ കടിച്ച് കീറുകയായിരുന്നു. ആന്തരികാവയവങ്ങൾ പുറത്ത് ചാടിയ കിടാവ് മരണാസന്ന നിലയിലാണ്. വെളിമ്പ്രദേശങ്ങളിൽ മേയുന്നതിനായി കെട്ടിയിരിക്കുന്ന ആടുകളും കന്നുകാലികളും ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത് സമീപകാലത്ത് പ്രദേശത്ത് പതിവായിരിക്കുകയാണ്. ഇവയുടെ ശല്യം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.