perunal
പെരുമ്പിള്ളിച്ചിറ ഷിഹാബ് തങ്ങൾ റിലീഫ് സെൽ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നടത്തിയ ഈദുൽഫിത്വർ സ്‌നേഹ സംഗമത്തിൽ പി.ജെ. ജോസഫ് എം.എൽ.എ,​ പുത്തൻപള്ളി ഇമാം മുഹമ്മദ് സാബിർ അഹ്സനി, ഫാദർ ബെന്നി ഓടയ്ക്കൽ എന്നിവർ ചേർന്ന് കുട്ടികൾക്ക് പെരുന്നാൾ മധുരം നൽകുന്നു

തൊടുപുഴ: ചെറിയ പെരുന്നാൾ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിലെ അന്തേവാസികൾക്കും മദർ ആന്റ് ചൈൽഡിലെ കുരുന്നുകൾക്കുമൊപ്പം വലിയ ആഘോഷമാക്കി പെരുമ്പിള്ളിച്ചിറ ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകർ. കുമ്പംകല്ല് അത്ഫിത്ര ഇസ്ലാമിക് പ്രീ സ്കൂളും പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനുമായി സഹകരിച്ചാണ് പെരുന്നാൾ ആഘോഷം നടത്തിയത്. വിഭവസമൃദ്ധമായ സദ്യയ്ക്കൊപ്പം ഇവർ വിളമ്പിയത് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും നന്മകൾ കൂടിയായിരുന്നു. പി.ജെ. ജോസഫ് എം.എൽ.എ,​ പുത്തൻപള്ളി ഇമാം മുഹമ്മദ് സാബിർ അഹ്സനി,​ ഫാദർ ബെന്നി ഓടയ്ക്കൽ എന്നിവർ കുട്ടികൾക്ക് പെരുന്നാൾ മധുരം നൽകി. സമൂഹത്തിലെ എല്ലാവരും സന്തോഷത്തോടെ കഴിയുമ്പോഴാണ് ആഘോഷങ്ങൾ അർത്ഥവത്താവുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. റിലീഫ് സെൽ ചെയർമാൻ നിസാർ പഴേരി അദ്ധ്യക്ഷത വഹിച്ചു. അൽഫിത്തറ ഡയറക്ടർ മുഹമ്മദ് ഇരുമ്പുപാലം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീമ അസീസ്, തൊടുപുഴ എസ്.ഐ എന്നിവർ പങ്കെടുത്തു.