തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാസംഗമം ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ നടക്കും. ചുങ്കം സെന്റ് മേരീസ് പാരീഷ് ഹാളിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് പ്രതിഭാസംഗമത്തിൽ പങ്കെടുക്കുന്നത്. സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നിയുക്ത എം.പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. എറണാകുളം അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി മുഖ്യാതിഥിയായിരിക്കും. ബാബു പള്ളിപ്പാട്ട് (എം.ജി. യൂണിവേഴ്സിറ്റി) കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും. 1200 ൽ 1200 മാർക്കും നേടിയ നമിത എം. ശർമ്മ, കൃഷ്ണ രാജേഷ് (കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ), അഭിഷേക് സിബി തുണ്ടിയിൽ (കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ), അഷ്‌കർ പി. അനസ്, ദേവിക കെ.എസ് (മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ) എന്നിവർക്ക് ലാപ്‌ടോപ് സമ്മാനിക്കും.