കട്ടപ്പന: പരിസ്ഥിതി സംരക്ഷണം നാടിന്റെ നിലനിൽപ്പിന് ആവശ്യമാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് മാറ്റങ്ങൾ വന്നതിന്റെ അടിസ്ഥാനത്തിൽ മനുഷ്യ കാഴ്ചപ്പാടിനും മാറ്റം വന്നു തുടങ്ങി. പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ മനുഷ്യൻ ശീലിച്ചു വരുന്നു. പരിസ്ഥിതിക്ക് കൂടുതൽ ആഘാതമേൽപ്പിക്കുന്നത് വൻകിട രാഷ്ട്രങ്ങളും കുത്തക കമ്പനികളുമാണെന്നും മന്ത്രി പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് സ്‌കൂളുകൾക്കായി വിതരണം ചെയ്യുന്ന 'ആരണ്യകം ' പരിസ്ഥിതി മാസിക കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴിക്ക് നൽകി മന്ത്രി എം.എം. മണി പ്രകാശനം ചെയ്തു. തുടർന്ന് ഗ്രീൻ സി.എസ്.ഐ ഗാർഡൻ പ്രോജക്ട് 2018- 24 ന്റെ രണ്ടാം ഘട്ട പ്രവർത്തന ഉദ്ഘാടനം ഈട്ടി തൈ നട്ടു മന്ത്രി നിർവ്വഹിച്ചു. കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം ഇടുക്കിയുടെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്റെയും സംയുക്താഭിമുഖ്യത്തിൽ കട്ടപ്പന സി.എസ്.ഐ ഗാർഡനിലാണ് പരിപാടി നടത്തിയത്. വൃക്ഷത്തൈകളും വിതരണം ചെയ്തു. യോഗത്തിൽ സി.എസ്.ഐ പള്ളി വികാരി ഫാ. ജയിംസ്. പി. മാമ്മൻ പരിസ്ഥിതി ദിന സന്ദേശം നൽകി. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ സി.കെ. മോഹനൻ, പി.ആർ. രമേഷ്, അസി. ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ്, ഗ്രീൻ ലീഫ് കട്ടപ്പന കോ- ഓർഡിനേറ്റർ പ്രൊഫ. സി.പി. റോയി, സി.എം. പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു.
മണ്ണിലിറങ്ങാം പച്ചവിരിക്കാം
വിവിധ പരിപാടികളോടെ പെരിയാർ ടൈഗർ റിസർവ് പരിസ്ഥിതി ദിനം ആചരിച്ചു. 'മണ്ണിലിറങ്ങാം പച്ചവിരിയ്ക്കാം" എന്ന പേരിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തൻ പാഠങ്ങൾ പകർന്ന് പെരിയാർ ടൈഗർ റിസർവ്വിൽ പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. പെരിയാർ ടൈഗർ റിസർവിന്റെയും ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. പുനർജീവിപ്പിച്ച ആനവച്ചാൽ തോടിന്റെ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി വിവിധ
സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തതോടെ
തോടിന്റെ ഇരുവശവും രാമച്ചവും തഴയും മുളയും ഉൾപ്പെടെ വിവിധ വൃക്ഷലതാദികൾ വച്ചുപിടിപ്പിച്ചു. അതോടൊപ്പം ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിന് ചുറ്റും 35 തരത്തിലുള്ള മുളകളും മറ്റ് വൃക്ഷ തൈകളും നട്ടു. പരിപാടികളുടെ ഭാഗമായി പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശില്പ. വി. കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ്, പെരിയാർ ടൈഗർ റിസർവ് അസി. ഫീൽഡ് ഡയറക്ടർ പി.കെ. വിപിൻദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തേക്കടി വനശ്രീയിൽ നടന്ന 'പച്ചവെള്ളം പച്ചമഷി' പരിപാടി കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് ഉദ്ഘാടനം ചെയ്തു. പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശില്പ. വി. കുമാർ അദ്ധ്യക്ഷത വഹിച്ചു. അസി. ഫീൽഡ് ഡയറക്ടർ പി.കെ. വിപിൻദാസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.കൃഷ്ണദാസ്, കെ.എംജോസ് എന്നിവർ സംസാരിച്ചു.
വാഗമൺ മൊട്ടക്കുന്നിൽ പരിസ്ഥിതി ദിനാചരണം
വിനോദ സഞ്ചാര കേന്ദ്രമായ വാഗമൺ മൊട്ടക്കുന്നിൽ വിനോദസഞ്ചാര വകുപ്പ് പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. വാഗമൺ ടൂറിസം ഇൻഫർമേഷൻ സെന്ററിനു സമീപം മുളതൈ നട്ടു കൊണ്ട് അഴുത ബ്ലോക്ക് പഞ്ചായത്തംഗം എൻ. സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റേയും ടൂറിസം വകുപ്പിന് കീഴിലുള്ള ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് മൊട്ടക്കുന്നിൽ പരിസ്ഥിതി ദിനാചരണം നടത്തിയത്. ഏലപ്പാറ പഞ്ചായത്തംഗം ഷാജി കുറ്റിക്കാട്ടിൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമ്മിഷൻ അംഗം നിഷാൽ വി. ചന്ദ്രൻ പരിസ്ഥിതി ദിന സന്ദേശം നൽകി. ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ സ്വാഗതമാശംസിച്ചു. ഡി.എം.സി അംഗങ്ങളായ സി. ഗണേശൻ, ആർ. രവികുമാർ, എൻ.എം. കുശൻ, എം.ജി മോഹനൻ എന്നിവർ സംസാരിച്ചു.
കുടയത്തൂർ പഞ്ചായത്തിൽ പച്ചത്തുരുത്തിന് തുടക്കമിട്ടു
തൊടുപുഴ: ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന ആദ്യ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം കുടയത്തൂർ പഞ്ചായത്തിൽ എം.വി.ഐ.പി വിട്ടു നൽകിയ സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയൻ നിർഹഹിച്ചു. വാർഡ് മെമ്പർ പി.കെ. ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പ്രസിഡന്റ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി.എസ്. മധു പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. മുരളീധരൻ, ബ്ലോക്ക് മെബർ സുജ, എം.വി.ഐ.പി അസി. എൻജിനീയർ സിബി, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു. ഹരിതകർമ്മ സേനാ അംഗങ്ങളും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും ചേർന്നാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. പച്ചത്തുരുത്തിന്റെ സംരക്ഷണം കയ്പ ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഗമിത്ര പുരുഷസ്വയം സഹായ സംഘം പ്രവർത്തകർ സ്വമനസാലെ ഏറ്റെടുത്തിട്ടുണ്ട്. പച്ചത്തുരുത്തിന് ചുറ്റും ജൈവവേലിയും സ്ഥാപിച്ചു. സ്വാഭാവിക വനങ്ങൾ പുന:സൃഷ്ടിക്കുന്നതിലൂടെയുള്ള പരിസ്ഥിതിജൈവ വൈവിധ്യ സംരക്ഷണമാണ് ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി ലക്ഷ്യമിടുന്നത്.