കുമളി: തലയിൽ വർണ്ണക്കടലാസിൽ മുത്തുപതിച്ച കിരീടവും കൈയിൽ ദണ്ഡ് പിടിപ്പിച്ച ബലൂണുമായി മാതാപിതാക്കളുടെ കൈയിൽ തൂങ്ങി കുമളി മന്നാക്കുടി സ്‌കൂളിൽ കുരുന്നുകൾ എത്തിയത് അറിവിന്റെ പുതിയ പാഠങ്ങൾ പഠിക്കാനായിരുന്നു. പീരുമേട് ഉപജില്ലാ പ്രവേശനോൽസവം വർണ്ണാഭമായ റാലിയോടെയാണ് തുടങ്ങിയത്. പുതിയ അദ്ധ്യയന വർഷത്തിൽ പീരുമേട് സബ് ജില്ലാ പ്രവേശനോത്സവം കുമളി മന്നാക്കുടി സ്‌കൂളിൽ നടന്നു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ചായപ്പീടിക വാട്‌സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച പഠനസാമഗ്രികളും കമളി സെന്റ് പീറ്റേഴ്‌സ് മാർത്തോമാ പള്ളി ഇടവക സമാഹരിച്ച വിദ്യാഭ്യാസ സഹായവും പരിപാടിയിൽ വിതരണം ചെയ്തു. പീരുമേട് എ.ഇ.ഒ ഷാജി, ഫാദർ. ബിൻസു, എസ്.എം.സി ചെയർമാൻ പി.ജെ. റ്റൈറ്റസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും സന്ദേശം വായിച്ചു.