pachadi
പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ നടന്ന നെടുങ്കണ്ടം ഉപജില്ലാ ബ്ലോക്ക്തല പ്രവേശനോത്സവത്തിൽ നിന്ന്

നെടുങ്കണ്ടം: കുരുത്തോലയും മുത്തുകുടകളും ഉപയോഗിച്ച് അങ്കണം അലങ്കരിച്ച ഉപജില്ലാ ബ്ലോക്ക്തല പ്രവേശനോത്സവം പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ നടന്നു. തികച്ചും പരിസ്ഥിതി സൗഹൃദമായ രീതിൽ കുരുന്നുകളെ തലപ്പാവും ബാഡ്ജും ധരിപ്പിച്ച്, ഓലപീപ്പി, ഓലപ്പന്ത് തുടങ്ങിയ കളിപ്പാട്ടങ്ങൾ നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ചക്കപ്പഴം, മാമ്പഴം, ശർക്കര, തേങ്ങ എന്നിവ ചേർത്ത മധുരം നൽകി. തുടർന്ന് അറിവിന്റെ അക്ഷരദീപമാകുന്ന താലം നൽകി. നെടുങ്കണ്ടം മർച്ചന്റ്‌സ് അസോസിയേഷൻ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. പൂർവ്വ വിദ്യാർത്ഥികൾ പായസ വിതരണം നടത്തി. പഞ്ചായത്ത് മെമ്പർ എൽസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സീനിയർ സൂപ്രണ്ട് എസ്. താര അക്ഷരദീപം തെളിയിച്ചു. നെടുങ്കണ്ടം ബി.പി.ഒ ഗീത സാബു എൻ.എസ്.എസ് കുട്ടികളെ അനുമോദിച്ചു. സ്‌കൂൾ മാനേജർ സജി പറമ്പത്ത്, പ്രഥമാദ്ധ്യാപകൻ പി.കെ ബിജു, നെടുങ്കണ്ടം ശാഖാ പ്രസിഡന്റ് സി.എൻ. ദിവാകരൻ, സെക്രട്ടറി ടി.ആർ. രാജീവ്, പി.ടി.എ പ്രസിഡന്റ് സുനിൽ പാണംപറമ്പിൽ, എം.പി.ടി.എ പ്രസിഡന്റ് ഡയ്‌സി ആന്റോ എന്നിവർ സംസാരിച്ചു.