ഇടുക്കി: പുത്തൻ ബാഗും പുസ്തകങ്ങളുമായി കുരുന്നുകൾ മാതാപിതാക്കളുടെ കൈ പിടിച്ച് ആദ്യമായി അക്ഷരലോകത്തിന്റെ കവാടം കടന്നെത്തി. രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ജില്ലാതല പ്രവേശനോത്സവം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തി വിദ്യാഭ്യാസ രംഗം ഹൈടെക്കാക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് ഉയർത്തി വിദ്യാർത്ഥികളെ ലോകത്ത് എവിടെയും തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന തരത്തിലാണ് സർക്കാർ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവത്തിൽ ബാഗും അനുബന്ധ പഠന സാമഗ്രികളും വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. രാജക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഈ അദ്ധ്യയന വർഷം 174 വിദ്യാർത്ഥികളാണ് പുതുതായി ചേർന്നത്. രാജക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തി.
ആഘോഷമാക്കി കട്ടപ്പന ബ്ലോക്ക്
അക്ഷര ലോകത്തേയ്ക്ക് കുരുന്നുകളെ ആഘോഷത്തോടെ വരവേറ്റ് കട്ടപ്പന ബ്ലോക്ക് തല പ്രവേശനോത്സവം വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രവേശനോത്സവ ഗാനവും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും ഉച്ചഭാഷിണിയിലൂടെ കേൾപ്പിച്ചു. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി കല്ലുപുരയിടം അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ജെയിംസ് മംഗലശേരി അനുഗ്രഹ പ്രഭാഷണം നടത്തി.
വിദ്യാ വെളിച്ചം പകർന്ന് നഗരസഭ
കുരുന്നു കൈകളിൽ അറിവിന്റെ വെളിച്ചം പകർന്ന് കട്ടപ്പന നഗരസഭാതല പ്രവേശനോത്സവം കട്ടപ്പന സെന്റ് ജോർജ് സ്‌കൂളിൽ നടന്നു. നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെത്തിയ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകരുന്നതിന്റെ പ്രതീകമായി ചെയർമാൻ തിരി തെളിച്ച് മൺചിരാതിൽ പകർന്നു നൽകി. സ്‌കൂൾ മാനേജർ ഫാജേക്കബ് ചാത്തനാട്ട് അദ്ധ്യക്ഷത വഹിച്ചു. എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ജെയമ്മ ജോസഫ്, പി.ടി.എ പ്രസിഡന്റ് ബിനോയി വർക്കി എന്നിവർ സംസാരിച്ചു.
അടിമാലിയിൽ പ്രവേശനോത്സവം
അടിമാലി ഉപജില്ലയ്ക്ക് കീഴിലെ വിവിധ വിദ്യാലയങ്ങളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.അറിവിന്റെ അക്ഷരമുറ്റത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകളെ വരവേൽക്കാൻ എല്ലാ വിദ്യാലയങ്ങളിലും വർണ്ണാഭമായ പ്രവേശനോത്സവ ആഘോഷങ്ങളായിരുന്നു ഒരുക്കിയിരുന്നത്. അടിമാലി പഞ്ചായത്തുതല ഉദ്ഘാടനം ചില്ലിത്തോട് സർക്കാർ എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജിവ് നിർവഹിച്ചു. 28 കുട്ടികൾ ഈ പൊതു വിദ്യാലയത്തിൽ പുതിയതായി പ്രവേശനം നേടി. കല്ലാർകുട്ടി സർക്കാർ ഹൈസ്‌ക്കൂളിലായിരുന്നു വെള്ളത്തൂവൽ പഞ്ചായത്തുതല പ്രവേശനോത്സവം ഒരുക്കിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആയിരമേക്കർ ജനത യുപി സ്‌കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനം വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി നിർവഹിച്ചു. പ്രളയാഘാതത്തെ അതിജീവിച്ച ആനവിരട്ടി സർക്കാർ എൽ.പി. സ്‌കൂളിലും തോട്ടം മേഖലയോടു ചേർന്നുള്ള കല്ലാർ സർക്കാർ ഹൈസ്‌ക്കൂളിലും അടിമാലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലും വിപുലമായ പ്രവേശനോത്സവ ആഘോഷങ്ങളായിരുന്നു നടത്തിയത്.
തൊടുപുഴ ബ്ലോക്ക് പ്രവേശനോത്സവം
തൊടുപുഴ ബ്ലോക്ക് തല പ്രവേശനോത്സവം കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്‌കൂളിൽ നടന്നു. സ്‌കൂൾ അങ്കണത്തിൽ സ്‌കൂൾ മാനേജർ ഫാ. മാത്യു തേക്കുംകാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സിനോജ് ജോസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി തോട്ടുപുറം പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ വിതരണോദ്ഘാടനം നിർവഹിച്ചു. ഡി.ഇ.ഒ ഇൻചാർജ് ഗീതാ നാരായണൻ പഠന കിറ്റ് വിതരണം ചെയ്തു.
ദീപക്കാഴ്ചയുമായി വരവേൽപ്പ്
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രവേശനോത്സവം പൂമാല ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന് മുന്നോടിയായി ആദിവാസി മേഖല ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ദീപക്കാഴ്ച ഒരുക്കി ആണ് കുട്ടികളെ സ്വീകരിച്ചത്. ഓരോ പ്രദേശത്തെയും കുട്ടികളും രക്ഷിതാക്കളും ഊര് മൂപ്പന്മാരും ദീപക്കാഴ്ചയിൽ പങ്കെടുത്തു. മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദീപക്കാഴ്ച ഒരുക്കിയത്. പുതിയ അധ്യയന വർഷത്തിൽ 48 കുട്ടികളാണ് ഒന്നാം തരത്തിൽ എത്തിയത്. അവധിക്കാലത്ത് വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ച പ്രാദേശിക സർഗോത്സവങ്ങളുടെ തുടർച്ചയായിട്ടാണ് പ്രവേശനോത്സവം പൂമാല സ്‌കൂളിൽ നടത്തിയത്. കോഴിപ്പിള്ളിയിൽ നിന്നും മേത്തൊട്ടിയിൽ നിന്നും രാവിലെ ആരംഭിച്ച ദീപശിഖ യാത്ര സ്‌കൂളിൽ എത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. യോഗത്തിൽ വാർഡ് മെമ്പർമാരായ ലളിതമ്മ വിശ്വനാഥൻ, അക്കാമ്മ മാത്യു, എ.ഇ. ഒ അപ്പുണ്ണി തുടങ്ങിയവർ സംസാരിച്ചു. പോലീസ് അസോസിയേഷൻ വക പഠനോപകരണങ്ങൾ എ.എസ്.ഐ സാജൻ ജോൺ വിതരണം ചെയ്തു. തുടർന്ന് പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. തനിമ ചാരിറ്റബിൾ ട്രസ്റ്റിന്റെ അദ്ധ്യാപക സേവാ ശ്രേഷ്ഠ പുരസ്‌കാരം മുൻ അദ്ധ്യാപകൻ വി.വി. ഷാജിക്ക് ചടങ്ങിൽ നൽകി ആദരിച്ചു. തനിമ ട്രസ്റ്റ് സെക്രട്ടറി അശോക് കുമാർ, ജയൻ പ്രഭാകർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ ഹെഡ്മാസ്റ്റർ മധുസൂദനൻ, പി.ടി.എ പ്രസിഡന്റ് ജയ്‌സൺ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.