block
അടിമാലി എട്ടുമുറിക്ക് സമീപം കലുങ്ക് നിർമ്മാണം നടക്കുന്നത് മൂലം ടൗണിലുണ്ടായ ഗതാഗതക്കുരുക്ക്

അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശിയപാതയിൽ അടിമാലി എട്ടുമുറിക്ക് സമീപം കലുങ്ക് നിർമ്മാണം നടക്കുന്നത് ടൗണിൽ ഗതാഗതക്കുരുക്കിന് ഇടവരുത്തുന്നു. എട്ടുമുറി ഭാഗത്ത് നിർമ്മാണമാരംഭിച്ചത് മുതൽ ടൗൺ ഗതാഗതക്കുരുക്കിന്റെ പിടിയിലാണ്. രാവിലെയും വൈകിട്ടും കിലോമീറ്ററുകളോളം നീളുന്ന കുരുക്കഴിയാൻ മണിക്കൂറുകൾ വേണ്ടി വരും. നിർമ്മാണം നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ ഒറ്റവരിയായി കടത്തി വിടാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ എണ്ണമേറുന്നതോടെ എല്ലാം താളം തെറ്റും. നിർമ്മാണ ജോലികൾ നടക്കുന്നതിനോട് ചേർന്നുള്ള ഭാഗത്ത് ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്നു പോകാൻ ഇടമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഗതാഗതകുരുക്ക് നിത്യ സംഭവമായതോടെ സ്ഥിരയാത്രികർക്കിടയിലും സമീപവാസികൾക്കിടയിലും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. രാവിലെ ഗതാഗതക്കുരുക്ക് മുറുകുന്നതോടെ വിദ്യാലയങ്ങളിലും ഓഫീസുകളിലും എത്താൻ വൈകുന്നതിനെ തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരും ടൗണിലേക്ക് നടന്നു വരികയാണ് പതിവ്. രാവിലെയും വൈകിട്ടും വലിയ വാഹനങ്ങൾ മാത്രം ദേശിയപാത വഴി കടത്തി വിടുകയും ചെറുവാഹനങ്ങൾ കൂമ്പൻപാറ ഫയര്‍‌സ്റ്റേഷൻ പടി വഴി തിരിച്ച് വിടുകയും ചെയ്താൽ ഗതാഗതക്കുരുക്കിന് അയവു വരുത്താം. കൂടുതൽ തൊഴിലാളികളെ ഏർപ്പെടുത്തി കലുങ്കിന്റെ നിർമ്മാണ ജോലികൾ വേഗത്തിലാക്കണമെന്ന ആവശ്യവും വാഹനയാത്രികർ മുമ്പോട്ട് വയ്ക്കുന്നുണ്ട്.