kk
പുനർജീവനം പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുട്ടാള ആദിവാസി കോളനിയിൽ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി. ആർ, മറയൂർ ഡി.എഫ്.ഒ രഞ്ജിത് ബി.ആർ, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ പ്രഭു പി.എം എന്നിവർ വിത്ത് വിതയ്ക്കുന്നു

മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ രണ്ടു ആദിവാസി കുടികളിൽ കൂടി പുനർജ്ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു. മുതുവാ ആദിവാസി കുടിയായ ഇരുട്ടള, മലപുലയ കുടിയായ ഈച്ചാംപെട്ടി എന്നിവിടങ്ങളിലാണ് ചെറുധാന്യങ്ങളായ റാഗി, തിന, വരഗ് എന്നിവ ഉൾപ്പെടെ നാല്പതോളം പരമ്പരാഗത വിത്തിനങ്ങളാണ് കുട്ടികളുടെ മൂപ്പൻമാരുടെ നേതൃത്വത്തിൽ നിലമൊരുക്കി വിത്തിറക്കിയത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി.ആർ, മറയൂർ ഡി.എഫ്.ഒ രഞ്ജിത് ബി.ആർ, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ പ്രഭു പി.എം, ഇ.സി.സി കോ- ഓർഡിനേറ്റർ ആനന്ദൻ, വന്യജീവി സങ്കേതം ജീവനക്കാർ, കുടി നിവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിത്തിടൽ കർമങ്ങൾക്ക് തുടക്കം കുറിച്ചു. ചിന്നാറിലെ തായണ്ണൻകുടിയിൽ 2016ൽ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യം മറയൂർ അഞ്ചുനാട് പ്രവിശ്യയിലെ എല്ലാ ആദിവാസി കുടികളിലും പരമ്പരാഗത കാർഷിക വിളകൾ തിരിച്ചു കൊണ്ടുവരിക എന്നതാണ്. മറയൂർ ചന്ദന ഡിവിഷനിലെ വിവിധ മുത്തുവാകുടികളിൽ വൈകാതെ തന്നെ പുനർജീവനം പദ്ധതി വ്യാപിപ്പിക്കുമെന്നു ഡി.എഫ്.ഒ രഞ്ജിത് പറഞ്ഞു. മൂന്നാർ ടെറിട്ടോറിയാൽ ഡിവിഷനിലെ ഇടമലകുടിയിലെ വിവിധ ആദിവാസി കുടികളിൽ ഈ മാസം തന്നെ 23 ഇനം റാഗി വിത്തുകൾ ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നാർ, അഞ്ചുനാട് മലനിരകളിലുള്ള എല്ലാ കുടികളിലും ഒരു വർഷത്തിനുള്ളിൽ ഈ പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം. ചിന്നാർ വന്യജീവി സങ്കേതം ആവിഷ്‌കരിച്ച പുനർജീവനം പദ്ധതിയുടെ സഹായത്തോടെയാണ് തായണ്ണൻ കുടിയിലെ ഗോത്ര കർഷക സമൂഹവും ചിന്നാർ വന്യജീവി സങ്കേതത്തിന് കീഴിലുള്ള ഇ.ഡി.സിയും മൂന്നു സംസ്ഥാന- ദേശീയ അംഗീകാരങ്ങൾ നേടിയത്.