തൊടുപുഴ: കുറച്ച് നാൾ മുമ്പ് വരെ തൊടുപുഴ നഗരസഭയുടെ പ്രതിമാസ വൈദ്യുതി ബിൽ 26,​000 രൂപയായിരുന്നു. ഇന്നത് മാസം വെറും ആയിരം രൂപ മാത്രമാണെന്ന് പറഞ്ഞാൽ ആരും അദ്ഭുതപ്പെടും. സംഗതി സത്യമാണ്. ഇന്നലെ വരെ കെ.എസ്.ഇ.ബിയിൽ പണമടച്ച് നട്ടം തിരിഞ്ഞ നഗരസഭ ഇന്ന് അങ്ങോട്ട് വൈദ്യുതി നൽകി പണം വാങ്ങുകയാണ്. സോളാർ പദ്ധതിയിലൂടെയാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷമാണ് നഗരസഭാ കാര്യാലയത്തിന്റെ മുകളിൽ സോളാർ പാനൽ നിരത്തിയത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തിന് ശേഷം വൈദ്യുതി ബില്ല് ഏകദേശം 1,000 രൂപയായി കുറയ്ക്കാനായി. സോളാർ പദ്ധതി ജില്ലയിൽ ആദ്യമായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് തൊടുപുഴ നഗരസഭ. 2017-18 സാമ്പത്തിക വർഷത്തിലെ സ്പിൽ ഓവറിലുള്ള 30 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അനർട്ടിന്റെ പാനലിലുള്ള തൃശൂരിലുള്ള ഒരു കമ്പനിക്കായിരുന്നു ടെണ്ടർ. ആദ്യത്തെ അഞ്ചു വർഷം ഈ കമ്പനി സൗജന്യമായി അറ്റകുറ്റപണികൾ ചെയ്യും. സഫിയ ജബ്ബാർ ചെയർ പേഴ്‌സണായിരുന്ന കാലഘട്ടത്തിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ കെ.എസ്.ഇ.ബിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസം നേരിട്ടു. തുടർന്ന് മിനി മധു ചെയർപേഴ്‌സണായപ്പോൾ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഇടപെടലിൽ ഇത് നേടിയെടുക്കുകയും പദ്ധതി പ്രവർത്തന സജ്ജമാക്കുകയും ചെയ്തു. നഗരസഭയുടെ ചുവട്പിടിച്ച് ടൗൺ ഹാളിന്റെ ഒരു മാസത്തെ ശരാശരി വൈദ്യുതി ബില്ല് പതിനാറായിരം രൂപയായിരുന്നു. എന്നാൽ ടൗൺ ഹാളിനോടനുബന്ധിച്ച് മറ്റൊരു സോളാർ പാനൽ സ്ഥാപിച്ചതോടെ ഇവിടെയും പ്രതിമാസ വൈദ്യുതി ബില്ല് ഗണ്യമായി കുറക്കാൻ സാധിച്ചു.

കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിലയ്ക്ക് നൽകുന്നു

നഗരസഭയുടെ ആവശ്യം കഴിഞ്ഞ് മിച്ചംവരുന്ന വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് വിലക്ക് നൽകാൻ കഴിയുന്നുവെന്നതാണ് പദ്ധതിയുടെ മറ്റൊരു നേട്ടം. ഒരു യൂണീറ്റിന് നാല് രൂപയെന്ന നിരക്കിലാണ് നഗരസഭ കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിൽക്കുന്നത്. ഒരു വർഷം തികയുമ്പോൾ എത്ര യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകിയെന്ന് കണക്ക് ലഭിക്കും.

''നഗരസഭാ പരിധിയിലുള്ള പുഴയുടെയും കനാലിന്റെയും മുകൾ ഭാഗം, മങ്ങാട്ടുകവലയിൽ നിർമിക്കുന്ന വ്യാപാര സമുച്ചയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളുടെ മുകൾ ഭാഗം എന്നിവിടങ്ങളിലെല്ലാം പുതിയതായി സോളാർ പാനൽ സ്ഥാപിക്കുന്നതിന് നഗരസഭ സർക്കാരിലേക്ക് പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്."

- ഷിജു (നഗരസഭ എ.ഇ)