തൊടുപുഴ: പ്രതിഭയും പ്രയത്നവും ഒന്നിപ്പിച്ച് മികച്ച വിജയം കൈവരിച്ച വർക്ക് ഇന്ന് നാടിന്റെ ആദരം. തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാസംഗമം ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും. ചുങ്കം സെന്റ് മേരീസ് പാരീഷ് ഹാളിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് പ്രതിഭാസംഗമത്തിൽ പങ്കെടുക്കുന്നത്. സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. എറണാകുളം അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി മുഖ്യാതിഥിയായിരിക്കും. ബാബു പള്ളിപ്പാട്ട് (എം.ജി. യൂണിവേഴ്സിറ്റി) കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി, വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ, പ്രൊഫ. എം.ജെ. ജേക്കബ്, ഫാ. സുനിൽ പാറയ്ക്കൽ, പ്രസ് ക്ലബ് പ്രസിഡന്റ് അഷ്റഫ് വട്ടപ്പാറ, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി പി. അജീവ്, മത്തച്ചൻ പുരയ്ക്കൽ എന്നിവർ സംസാരിക്കും. 1200 ൽ 1200 മാർക്ക് നേടിയ നമിത എം. ശർമ്മ, കൃഷ്ണ രാജേഷ് (കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ) അഭിഷേക് സിബി തുണ്ടിയിൽ (കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ), അഷ്‌കർ പി. അനസ്, ദേവിക കെ.എസ്. (മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ) എന്നിവർക്ക് ഇന്ന് ലാപ്‌ടോപ് സമ്മാനിക്കും. 2012 മുതലാണ് പ്രതിഭാസംഗമത്തിന് തൊടുപുഴ വേദിയാകുന്നത്. 2013 ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് തിരുവനന്തപുരത്ത് നടന്ന പ്രതിഭാസംഗമത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. 2014 ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്തു.