തൊടുപുഴ: ചെറുപ്പത്തിൽ തന്നെ കാൻസർ മൂലം ജീവൻ നഷ്ടമായ കോലാനി സ്വദേശി ആദർശ് അനിൽ എന്ന ഉണ്ണിക്കുട്ടന്റെ സ്വപ്നമായിരുന്നു തനിക്കും കുടുംബത്തിനും ഒരു വീടെന്നത്. ചികിത്സയിലിരിക്കെ അമ്മയ്ക്കും വിദ്യാർത്ഥികളായ രണ്ട് സഹോദരിമാർക്കും സ്വന്തമായി വീടില്ലെന്നത് ഉണ്ണിക്കുട്ടനെ ഏറെ വേദനിപ്പിച്ചിരുന്നു. സുമനസുകളുടെ സഹായത്തോടെയാണ് ഉണ്ണിക്കുട്ടന്റെ ചികിത്സ ചിലവുകൾ നടന്നിരുന്നത്. തിരികെ വരുമെന്ന് പ്രതീക്ഷയുണർത്തിയ ഉണ്ണിക്കുട്ടൻ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. സർക്കാരിന്റെ പി.എം.എ.വൈ പദ്ധതിയിലുൾപ്പെടുത്തി അധികൃതർ ഉണ്ണിക്കുട്ടന്റെ കുടുംബത്തിന് വീട് അനുവദിച്ചു. ബാക്കി ചിലവുകൾ സേവാഭാരതിയും ഏറ്റെടുത്തതോടെ ഉണ്ണിക്കുട്ടന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. വീടിന്റെ താക്കോൽദാനം ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ നിർവഹിച്ചു. സേവാഭാരതി സംസ്ഥാന ട്രെയിനിംഗ് കോർഡിനേറ്റർ എ.വി. പ്രസാദ്, ജില്ലാ സെക്രട്ടറി കെ. ഷാജി, താലൂക്ക് സെക്രട്ടറി മുരളീധരൻ, ഓർഗനൈസിംഗ് സെക്രട്ടറി ആർ. രഞ്ജിത്, ആർ.എസ്.എസ് വിഭാഗ് സംഘ്ചാലക് രാജു, വിഭാഗ് കാര്യവാഹ് ഹരിദാസ്, മുനിസിപ്പൽ കൗൺസിലർമാരായ പി.വി. ഷിബു, ആർ. അജി, തപസ്യ കോട്ടയം മേഖലാ സെക്രട്ടറി വി.കെ. ബിജു എന്നിവർ പങ്കെടുത്തു.