തൊടുപുഴ: വോട്ട് മാത്രം കുത്തുന്ന യന്ത്രങ്ങളായി മാറാതെ ഒന്നായി നിന്ന് രാജ്യത്തിന്റെ ഭരണത്തിലും വിഭവങ്ങൾ പങ്കുവയ്ക്കുന്നതിലും തുല്യനീതി എല്ലാ വിഭാഗങ്ങൾക്കും കിട്ടണമെന്ന് പറയാനുള്ള ശക്തി നമുക്ക് ഉണ്ടാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ള നടേശേൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള കഞ്ഞിക്കുഴി നങ്കിസിറ്റി ശ്രീനാരായണ ഹൈസ്‌കൂളിന്റെ പുതിയ മന്ദിര ശിലാസ്ഥാപനം എസ്.എൻ ഹൈസ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപ്പം ഹൃദയത്തിൽ പ്രതിഷ്ഠിച്ച് പ്രവർത്തിച്ചത് ആർ. ശങ്കറായിരുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് നമുക്ക് അവകാശം കിട്ടിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ശങ്കർ കേരളം ഭരിക്കുമ്പോൾ 12 എയ്ഡഡ് കോളേജുകൾ നമുക്ക് അനുവദിച്ചു. അതിന് ശേഷം അമ്പത് കൊല്ലം കഴിഞ്ഞിട്ടും വെറും മൂന്ന് കോളേജുകൾ മാത്രമാണ് കിട്ടയത്. 'എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഞാനെടുക്കുന്നു, മറ്റ് സമുദായങ്ങൾക്ക് അർഹതപ്പെട്ടത് ഞാൻ കൊടുക്കുന്നു" എന്നാണ് ആർ. ശങ്കർ പറഞ്ഞത്. എന്നാൽ ആർ. ശങ്കറിന് ശേഷം അധികാരത്തിലെത്തിയവരെല്ലാം അവരവരുടെ സമുദായങ്ങൾക്ക് മാത്രമാണ് എല്ലാം നൽകിയത്. മറ്റ് സമുദായങ്ങളെപ്പോലെ രാഷ്ട്രീയ- സാമ്പത്തിക- വിദ്യാഭ്യാസ നീതി ചോദിച്ച് നേടിയെടുക്കാൻ നമുക്കായില്ല. ജാതി ചിന്ത ഉണ്ടാകാതിരിക്കണമെങ്കിൽ ജാതി വിവേചനം ഇല്ലാതാകണം.

പണ്ടത്തെക്കാലത്തെ ജാതിവിവേചനം കണ്ടാലറിയാവുന്നതായിരുന്നു. എന്നാൽ ഇന്നത്തെ കാലത്തെ ജാതിവിവേചനം കണ്ടാലും കൊണ്ടാലുമറിയില്ല. കേരളത്തിന്റെ വിവിധ മേഖലയിൽ നിന്ന് കുടിയേറിയവരാണ് ഇടുക്കിയിലുള്ളവർ. മലയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് ഇത്രയും കാലത്തിനിടയ്ക്ക് പല മേഖലയിലും നേട്ടം കൈവരിച്ചെങ്കിലും ഇന്നും ഇടുക്കിയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയാണ്. ജയിക്കാൻ വേണ്ടി ജനിച്ചവനാണെന്ന് കാണിക്കാനുള്ള കർമ്മശേഷിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഹൈസ്‌കൂൾ മന്ദിരത്തിന്റെയും എസ്.എൻ യു.പി സ്‌കൂൾ മന്ദിരത്തിന്റെയും ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെയും ശിലാസ്ഥാപനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നിശാന്തി ഭദ്രദീപം തെളിച്ചു. സ്‌കൂൾ കോളേജ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും സ്‌കൂൾ മാനേജരുമായ സി.പി. സുദർശനൻ ആദരിച്ചു. യോഗം അസി. സെക്രട്ടറി ഷാജി കല്ലാറയിൽ ആമുഖ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ജയേഷ്. വി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പാ ഗോപി, കഞ്ഞിക്കുഴി എസ്.എൻ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എൻ.എം. ജിജിമോൾ, കഞ്ഞിക്കുഴി എസ്.എൻ.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ബി. ബൈജു, ശാഖാ പ്രസിഡന്റും യു.പി സ്‌കൂൾ മാനേജരുമായ ശിവദാസ് പി.വി, ശാഖാ സെക്രട്ടറി അജയ്.എസ്, പി.ടി.എ പ്രസിഡന്റ് വിജയൻ കല്ലുതൊണ്ടിൽ, എം.പി.ടി.എ പ്രസിഡന്റ് ജാസ്മിൻ ജോൺസൺ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് സേവ്യർ തോമസ്, സ്‌കൂൾ ലീഡർ അലീന വിൻസെന്റ് എന്നിവർ സംസാരിച്ചു. തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ.സോമൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ടി.കെ. ഉഷ നന്ദിയും പറഞ്ഞു.

ചരിത്രമായി 1001 കുട്ടികളുടെ ദൈവദശകാലപനം

ചടങ്ങ് തുടങ്ങും മുമ്പ് ശ്രീനാരായണഗുരുദേവൻ രചിച്ച പ്രാർത്ഥനാ ഗീതമായ ദൈവദശകം 1001 കുട്ടികൾ ഒരുമിച്ച് ആലപിച്ചത് ചരിത്രമായി. തൊടുപുഴ യൂണിയൻ കീഴിലെ കുമാരിസംഘത്തിൽ നിന്നുള്ള മിടുക്കികളാണ് ഉദ്ഘാടനചടങ്ങിന് മുമ്പ് ദൈവദശകം ആലപിച്ചത്. ഇത്രയും കുട്ടികൾ ഒരുമിച്ച് ദൈവദശകം ആലപിക്കുന്നത് ജില്ലയിൽ ആദ്യമായിരുന്നു. വെങ്ങല്ലൂർ ഐ.ടി.ഐയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒന്നിന് 501 കുട്ടികൾ ദൈവദശകം ആലപിച്ചിരുന്നു.