battalion
33 കേരള എൻ.സി.സി. സീനിയർ ഡിവിഷൻ മികച്ച ബറ്റാലിയനുള്ള അവാർഡ് നേടിയ തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം.

കട്ടപ്പന: തീരങ്ങളിൽ ഓഖി ആഞ്ഞടിച്ചപ്പോഴും നൂറ്റാണ്ടിലെ പ്രളയത്തിൽ കേരളം മുങ്ങിയപ്പോഴും അവർ തളർന്നില്ല. എങ്ങനെ അതിജീവിക്കാമെന്ന് അവർ നമ്മെ പഠിപ്പിച്ചു, ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 104 എൻ.സി.സി കേഡറ്റുകളാണ് ഈ ചുണകുട്ടികൾ. 'സഹപാഠിക്കൊരു ഭവനം' എന്ന പദ്ധതി ആവിഷ്‌കരിച്ച് ഇതിനോടകം എട്ട് പേർക്കാണ് ഇവർ കോൺക്രീറ്റ് വീടുകൾ നിർമ്മിച്ച് നൽകിയത്. ഇതിന്റെ ധനശേഖരണവും നിർമ്മാണവുമെല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു. മേസ്തിരിപണി ഒഴിച്ചാൽ മറ്റെല്ലായിടത്തും വിദ്യാർത്ഥികളുടെ കരവിരുതായിരുന്നു കണ്ടത്. ഓഖി ദുരന്തം കുട്ടനാടിന്റെ നെഞ്ചകം തകർത്തപ്പോൾ അവശ്യ വസ്തുക്കളും പണവുമായി ഇവർ ഓടിയെത്തി. തുടർന്ന് പ്രളയം കേരളത്തിന്റെ അസ്ഥിവാരം മാന്തിയപ്പോഴും മനക്കരുത്തിന്റെ പിൻബലത്തിൽ ഇവർ പ്രളയ ഭൂമിയിൽ വിയർപ്പു ചീന്തി. വീടുനഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് 13 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ഭവനങ്ങൾ പണിതു നൽകി. കൂടാതെ എറണാകുളം ചെല്ലാനത്തും സഹായവുമായി ഓടിയെത്തി. പ്രളയ കാലത്ത് ഇടുക്കിയിലെ 24 വീടുകൾ ശുചീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തി. തങ്കമണി- പ്രകാശ് റോഡ് ഗതാഗത യോഗ്യമാക്കി. വൃദ്ധർക്ക് മരുന്ന്, ഭക്ഷണം, വിറക്, അത്യാവശ്യത്തിന് പണം എന്നിവ എല്ലാ മാസവും മുടങ്ങാതെ എത്തിച്ച് ഇവർ രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ഇതിനെല്ലാമുള്ള അംഗീകാരമായി 33 കേരള എൻ.സി.സി ബറ്റാലിയൻ സീനിയർ ഡിവിഷന്റെ മികച്ച അവാർഡാണ് തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ പടികയറി എത്തിയത്. 104 കേഡറ്റുകളിൽ നാല് പേർ ദേശീയ ക്യാമ്പുകളിലും പങ്കെടുത്തു. അണ്ടർ ഓഫീസറായ മരിയ ജോമോൻ ഗ്വാളിയാറിൽ നടന്ന റോപ് ക്ളൈമ്പിംഗ് ക്യാമ്പിൽ ബെസ്റ്റ് ക്യാമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ലഫ്. സുനിൽ കെ. അഗസ്റ്റിനാണ് ഇവരുടെ പരിശീലകൻ. സ്‌കൂൾ മാനേജർ ഫാ. ജോൺ മുണ്ടയ്ക്കൽ, പ്രിൻസിപ്പൽ ഫാ. ജയിംസ് പാലയ്ക്കാമറ്റം, പ്രഥമ അദ്ധ്യാപിക ലിസമ്മ ജോസഫ് എന്നിവരാണ് ഈ 'പട'യുടെ അമരക്കാർ.