തൊടുപുഴ: അമ്മയുടെ കാമുകന്റെ പീഡനത്തെ തുടർന്ന് മരിച്ച ഏഴുവയസുകാരന്റെ സ്മരണയ്ക്കായി കുട്ടി പഠിച്ചിരുന്നു കുമാരമംഗലം ഗവ. എൽ.പി സ്‌കൂളിൽ കുട്ടികളുടെ ലൈബ്രറി തുറന്നു. ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് വായനശാല ഒരുക്കിയത്.
സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ അദ്ധ്യക്ഷതയിൽ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഇപ്പോൾ കുട്ടികൾക്ക് പൊലീസ് പ്രിയങ്കരരായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ഏറെ ഗുണം ചെയ്തു. ജില്ലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ രംഗത്ത് ജില്ലാ പൊലീസ് സഹകരണ സംഘം നടത്തുന്നത് മികച്ച സേവനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ സി.ഐ. അഭിലാഷ് ഡേവിഡ്, പൊലീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ.എസ്. ഔസേപ്പ്, സെക്രട്ടറി സനൽ ചക്രപാണി, പഞ്ചായത്തംഗം കെ.ജി. സിന്ധു കുമാർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ.ജി. പ്രകാശ്, കെ.പി.എ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, പ്രസിഡന്റ് ഇ.ജി. മനോജ് കുമാർ, ഹെഡ്മാസ്റ്റർ ബിജോയ് ജോൺ, പി.ടി.എ പ്രസിഡന്റ് ഉല്ലാസ് കരുണാകരൻ, സ്‌കൂൾ ലീഡർ കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.