തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് നിയുക്ത എം.പി ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടുക്കി പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വിലസ്ഥിരത ഉറപ്പുവരുത്താൻ ഇടപെടും. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബത്തിന് സർക്കാർ ധന സഹായം അടിയന്തരമായി നൽകണം. ജില്ലയിൽ 90 ശതമാനം പേരും കാർഷിക വൃത്തി കൊണ്ട് ഉപജീവനം നടത്തുന്നവരായതിനാൽ ഇവരുടെ പ്രതിസന്ധികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. കസ്തൂരി രംഗൻ റിപോർട്ടിൽ അന്തിമ വിജ്ഞാപനമിറക്കുന്നതുമായി ബന്ധപ്പെട്ട് പരിശ്രമങ്ങൾ നടത്തും. ജില്ലയിലെ ടൂറിസം മേഖലയിലെ വികസനത്തിനായി സമഗ്രമായ പദ്ധതികൾ തയ്യാറാക്കി കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരും. ആരോഗ്യ മേഖലയിൽ ജില്ല നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരും. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകളിൽ ഉടൻ നിയമനം നടത്തുന്ന കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരും. ജില്ലയിൽ കുടിയേറ്റക്കാരായ കർഷകരെ സംരക്ഷിക്കുകയും കൈയേറ്റക്കാരെ ഒഴിപ്പിക്കും. പ്രളയം തകർത്തെറിഞ്ഞ ജില്ലയായിട്ടും ഇടുക്കി ജില്ലയ്ക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ജില്ലയ്ക്ക് ലഭിച്ചിട്ടില്ലെന്ന പരാതി വ്യാപകമാണ്. തന്റെ അദ്ധ്യക്ഷതയിൽ പ്റളയദുരന്തത്തിൽപ്പെട്ടവരുടെ ഒരു യോഗം 10ന് രാവിലെ 11 മുതൽ ഒന്ന് വരെ അടിമാലി പഞ്ചായത്ത് ആഡിറ്റോറിയത്തിലും ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ ചെറുതോണി വ്യാപാരി ഭവൻ ഹാളിലും ചേരും.
കായിക യൂണിവേഴ്സിറ്റി സ്വപ്നപദ്ധതി
കായികകേരളത്തിന് ഇടുക്കി നിരവധി പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. കോതമംഗലമടക്കമുള്ള സ്കൂളുകൾക്ക് കായികമേളയിൽ വിജയം നേടി കൊടുക്കുന്നത് ഇടുക്കിയിലെ കുട്ടികളാണ്. മികച്ച പരിശീലനം ലഭിച്ചാൽ ഇവർക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. അതിനായി ഇന്ത്യയിലെ ആദ്യത്തെ കായിക യൂണിവേഴ്സിറ്റി ഇടുക്കിയിൽ സ്ഥാപിക്കാനായി പരിശ്രമിക്കും. ഇത് തന്റെ സ്വപ്നപദ്ധതിയാണ്.
ഇടുക്കി മെഡിക്കൽ കോളേജിന്റെ രക്തസാക്ഷി
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ച കാഞ്ചിയാർ സ്വദേശി ഇടുക്കി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകാത്തതിന്റെ രക്തസാക്ഷിയാണ്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശ്രമിക്കും. ഒപ്പം ഇടുക്കി മെഡിക്കൽ കോളേജ് ഉടൻ യാഥാർത്ഥ്യമാക്കും.
ഒരു കേസിലും ജാമ്യമെടുക്കില്ല
ഒരു ഹർത്താൽ നടത്തിയതിന്റെ പേരിൽ എനിക്കെതിരെ സംസ്ഥാനസർക്കാർ 204 ക്രിമിനൽ കേസുകളാണ് രജിസ്ട്രർ ചെയ്തത്. ഇത് ഭരണകൂട ഭീകരതയാണ്. ഒരു കേസിലും ഞാൻ ജാമ്യമെടുക്കില്ല. അന്ന് ഹർത്താൽ പ്രഖ്യാപിച്ചതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.