തൊടുപുഴ: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞതോടെ തൊടുപുഴ നഗരസഭയിലെ 23-ാം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി. യു.ഡി.എഫിലെ നാഗേശ്വരി അഭിലാഷും എൽ.ഡി.എഫിലെ രാജി രാജനും അസിസ്റ്റന്റ് റിട്ടേണിംഗ് ആഫീസറായ നഗരസഭ സൂപ്രണ്ട് എൻ.എ. ജയകുമാറിനു മുമ്പാകെ നാമ നിർദേശ പത്രിക നൽകി. ബി.ജെ.പി പ്രതിനിധിയായ മായ. എ. നായർ വ്യാഴാഴ്ച പത്രിക നൽകിയിരുന്നു. എൽ.ഡി.എഫ് ഡമ്മി സ്ഥാനാർത്ഥിയായി ലൈലജോസഫും പത്രിക നൽകിയിട്ടുണ്ട്. പത്രികളുടെ സൂക്ഷ്മ പരിശോധന 10നു നടക്കും. 12നാണ് പിൻവലിക്കാനുള്ള അവസാന തീയതി. കാഞ്ഞിരമറ്റം വാർഡിൽ കൗൺസിലറായിരുന്ന ബി.ജെ.പി പ്രതിനിധി രേണുക രാജശേഖരൻ രാജി വച്ചതിനെ തുടർന്നാണ് 27ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. 28നാണ്‌ വോട്ടെണ്ണൽ. കഴിഞ്ഞ തിരഞ്ഞടുപ്പിൽ 22-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചയാളാണ് നാഗേശ്വരി അഭിലാഷ്. ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന രാജി രാജൻ സി.പി.എം അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാകമ്മിറ്റിയംഗമാണ്. വാർഡിലെ തന്നെ താമസക്കാരിയായ മായ.എ.നായരും പൊതു രംഗത്ത് സജീവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് രണ്ടാം സ്ഥാനത്തും യു.ഡി.എഫ് മൂന്നാം സ്ഥാനത്തും പോയിരുന്നു. ബി.ജെ.പിയുടെ കുത്തക വാർഡായതിനാൽ വിജയം മാത്രമാണ് പാർട്ടി ലക്ഷ്യം.

നിലവിലെ കക്ഷിനില
യു.ഡി.എഫ്- 14

എൽ.ഡി.എഫ്- 13

ബി.ജെ.പി- 6

ആകെ- 35

ഉപതിരഞ്ഞെടുപ്പ് അതിനിർണായകം

കഴിഞ്ഞ വർഷം ജൂൺ 18ന് നടന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധിയായിരുന്ന വൈസ് ചെയർമാന്റെ വോട്ട് അസാധുവായതോടെ അദ്ധ്യക്ഷ പദവി സി.പി.എമ്മിന് ലഭിച്ചു. ആറു മാസം എൽ.ഡി.എഫ് ഭരിച്ചെങ്കിലും പിന്നീട് അവിശ്വാസത്തിലൂടെ യു.ഡി.എഫ് തിരിച്ചെത്തി. അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് വിജയിക്കാനായത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ജെസി ആന്റണി ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. 14 അംഗങ്ങളുള്ള യു.ഡി.എഫിന് ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ ഒരാളുടെ കൂടി പിൻബലം ലഭിക്കും. ഇടതു മുന്നണിയ്ക്കാകട്ടെ വാർഡിൽ വിജയിക്കാനായാൽ 13 എന്ന അംഗ സംഖ്യ യു.ഡി.എഫിനൊപ്പമാക്കാൻ കഴിയും. അങ്ങനെ വന്നാൽ ഇനി ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകളിൽ മത്സരമുണ്ടായാൽ ഇരു മുന്നണികൾക്കും തുല്യവോട്ടുകൾ വരാനും സാധ്യതയുണ്ട്.