prathibhasangamam
ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാസംഗമത്തിൽ നിന്ന്

തൊടുപുഴ: ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഫ്രഞ്ച്, ജർമ്മൻ, ചൈനീസ്, ജാപ്പനീസ്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും വിദ്യാർത്ഥികൾ നിപുണരാകണമെന്ന് ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ചുങ്കം സെന്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഭാഷാ കോഴ്സുകൾക്ക് അനവധി അവസരങ്ങളാണുള്ളത്. വിദേശ ഭാഷകൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാട്ടിൽ ആരംഭിക്കണം. അഭിരുചിക്കനുസരിച്ച് പഠിക്കാൻ നമുക്ക് കഴിയണം. വിദ്യാർത്ഥികൾ അവരുടെ വഴി സ്വന്തം നിലയിൽ തിരഞ്ഞെടുക്കണം. തോൽവികളുണ്ടാകുമ്പോൾ തളർന്ന് പോകരുത്. ആത്മവിശ്വാസത്തോടെ മുന്നേറാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ കടന്നുവരുമ്പോൾ അതിനെയെല്ലാം അതിജീവിക്കാനുള്ള ഉൾക്കരുത്ത് ഓരോ വിദ്യാർത്ഥിയും സ്വായത്തമാക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ നിയുക്ത എം.പി ഡീൻ കുര്യക്കോസ് പറഞ്ഞു. മദ്യവും മയക്കുമരുന്നുമടക്കമുള്ള സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ ശക്തമായി പ്രതികരിക്കണം. തെറ്റുകളെ പ്രതിരോധിക്കാനുള്ള ശേഷി ഓരോരുത്തർക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന അവസരങ്ങളൈ കീഴടക്കാൻ നമുക്ക് സാധിക്കണമെന്ന് വിശിഷ്ടാതിഥിയായ എറണാകുളം അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു. പത്രം വായിക്കുകയെന്നത് ദിനചര്യയുടെ ഭാഗമാക്കാൻ ശ്രദ്ധിക്കണം. ദേശീയ തലത്തിലുള്ള വാർത്തകൾ ശ്രദ്ധിക്കണം. എഴുതാനുള്ള കഴിവ് വളർത്തിയെടുക്കണം. നിങ്ങൾക്ക് ശരിയെന്ന് ഉത്തമബോധ്യമുള്ള കാര്യങ്ങൾ ചെയ്യണമെന്നും അവർ പറഞ്ഞു. നാനൂറിലധികം വിദ്യാർത്ഥികളാണ് പ്രതിഭാസംഗമത്തിൽ പങ്കെടുത്തത്. ചടങ്ങിൽ ബാബു പള്ളിപ്പാട്ട് (എം.ജി. യൂണിവേഴ്സിറ്റി) കരിയർ ഗൈഡൻസ് ക്ലാസെടുത്തു. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി, പ്രൊഫ. എം.ജെ. ജേക്കബ്, ഫാ. സുനിൽ പാറയ്ക്കൽ, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്ബ്, മത്തച്ചൻ പുരയ്ക്കൽ എന്നിവർ സംസാരിച്ചു. 1200ൽ 1200 മാർക്ക് നേടിയ നമിത എം. ശർമ്മ, കൃഷ്ണ രാജേഷ് (കുമാരമംഗലം എം.കെ.എൻ.എം ഹയർസെക്കൻഡറി സ്‌കൂൾ) അഭിഷേക് സിബി തുണ്ടിയിൽ (കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂൾ), അഷ്‌കർ പി. അനസ്, ദേവിക കെ.എസ്. (മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂൾ) എന്നിവർക്ക് ലാപ്‌ടോപ് സമ്മാനിച്ചു.