ചെറുതോണി: ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമടക്കം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികളുള്ള ജില്ല ഇടുക്കിയാണ്. ഒരു അണക്കെട്ട് പോലുമില്ലാത്ത കോട്ടയം ജില്ലയിലാണ് ഡാമുകളുടെ സുരക്ഷാ വിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ രണ്ട് പ്രധാന ഓഫീസുകൾ പ്രവർത്തിക്കുന്നതും നിയന്ത്രിക്കുന്നതും. കോട്ടയത്തെ പള്ളത്താണ് ഡാം റിസേർച്ച് ആന്റ് സേഫ്‌റ്റി വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ ഓഫീസ് പ്രവർത്തിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന ഓഫീസാണ് കോട്ടയത്തേക്ക് മാറ്റിയത്. ഇതോടെ ചീഫ് എൻജിനിയറുടെ ഓഫീസും ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ ഓഫീസും പള്ളത്ത് ഒരു കെട്ടിടത്തിലായി. രാജ്യത്തെ പ്രധാന അണക്കെട്ടായ ഇടുക്കി ഉൾപ്പെടെ 15 ലധികം അണക്കെട്ടുകൾ ഉൾപ്പെടുന്ന ഇടുക്കിയിൽ നിലവിലുള്ളത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് മാത്രമാണ്. ഇടുക്കിയിൽ വന്ന് ജോലി ചെയ്യാനുള്ള വൈദ്യുതി ബോർഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ താത്പര്യകുറവാണ് ഇതിനു പിന്നിൽ. അണക്കെട്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ ഇടുക്കിയിൽ നിന്ന് ഉദ്യോഗസ്ഥർ നിത്യേന 150 കിലോമീറ്റർ വാഹനം ഓടിച്ച് പള്ളത്തുപോയി വരുന്നതിന് വൻ തുകയാണ് വൈദ്യുതി ബോർഡിന് നഷ്ടം. കഴിഞ്ഞ വർഷം അണക്കെട്ട് തുറന്നുവിടേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമയത്ത് ഇടുക്കിയിലെത്തിച്ചേരാൻ കഴിയാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇടുക്കി അണക്കെട്ടിന് രണ്ടു കിലോമീറ്റർ അകലെയുള്ള വാഴത്തോപ്പിൽ 1.35 കോടി രൂപ ചെലവഴിച്ച് ഡാം റിസേർച്ച് ആന്റ് സേഫ്റ്റി വിഭാഗത്തിനായി പണിത പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം കാത്തുകിടക്കുകയാണ്. ഈ കെട്ടിടത്തിലേക്ക് ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ ഓഫീസ് കൊണ്ടുവരാൻ വകുപ്പുമന്ത്രി ഇടപടണമെന്ന ആവശ്യം ശക്തമാണ്.