തൊടുപുഴ: പുതിയതായി നിർമ്മിച്ച മന്ദിരത്തിലെ സ്മാർട് ക്ലാസ് റൂമിൽ അദ്ധ്യയനത്തിന് തുടക്കമിട്ട് വെങ്ങല്ലൂർ മുനിസിപ്പൽ മോഡൽ യു.പി സ്‌കൂൾ വിദ്യാർത്ഥികൾ. ഒന്നേകാൽ കോടി രൂപ ചെലവിട്ട് നിർമിച്ച മനോഹരമായ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രവേശേനോത്സവ ദിനത്തിൽ തൊടുപുഴ നഗരസഭാ അദ്ധ്യക്ഷ ജെസി ആന്റണി നിർവഹിച്ചു. കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികളും ലൈബ്രറിയും ഓഫീസ് മുറിയുമാണുള്ളത്. എല്ലാം സ്മാർട്ട് ക്ലാസ് മുറികൾ. തുടർ പ്രവർത്തനങ്ങൾക്കായി ഒന്നാം നിലയിൽ ക്ലാസ് മുറികൾ നിർമിക്കാൻ നഗരസഭയിൽ നിന്ന് 30 ലക്ഷവും ടോയ്‌ലറ്റ് കോംപ്ലക്‌സിന് 35 ലക്ഷം എം.പി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം സ്‌കൂൾതലത്തിൽ 54 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 17 കുട്ടികളുമായിരുന്നു. ഈ വർഷം അക്കാദമികമികവിന്റെയും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതിന്റെയും ഫലമായി ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി 140 കുട്ടികളും നേഴ്‌സറി തലത്തിൽ 70 കുട്ടികളും ഉൾപ്പെടെ 210 വിദ്യാർഥികൾ പുതുതായി ചേർന്നു. പുതിയ മന്ദിരം യാഥാർഥ്യമാക്കാൻ പ്രവർത്തിച്ച വാർഡ് കൗൺസിലർ രാജീവ് പുഷ്പാംഗദൻ, പി.ടി.എ പ്രസിഡന്റ് കൂടിയായ കൗൺസിലർ കെ.കെ. ഷിംനാസ്, ഹെഡ്മാസ്റ്റർ ടോം വി. തോമസ് എന്നിവർക്ക് സ്വീകരണവും നൽകി. നഗരസഭാ വൈസ് ചെയർമാൻ സി.കെ. ജാഫർ അദ്ധ്യക്ഷനായിരുന്നു. മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനിയർ സി.എസ്. ഷിജു, പി.ടി.എ പ്രസിഡന്റ് കെ.കെ. ഷിംനാസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിർമല ഷാജി, മറ്റ് കൗൺസിലർമാരായ ആർ. ഹരി, റിനി ജോഷി, സുമമോൾ സ്റ്റീഫൻ, ബാബു പരമേശ്വരൻ, എ.എം. ഹാരിദ്, സഫിയ ജബ്ബാർ, മിനി മധു, സബീന ബിഞ്ജു, ടി.കെ. സുധാകരൻ നായർ, ഹെഡ്മാസ്റ്റർ ടോം വി തോമസ് എന്നിവർ സംസാരിച്ചു. രാജീവ് പുഷ്പാംഗദൻ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി രാജശ്രീ നായർ നന്ദിയും പറഞ്ഞു.