ചെറുതോണി: പടമുഖം സ്‌നേഹമന്ദിരത്തിൽ നിന്നുള്ള നിർദ്ധനരും അനാഥരുമായ 47 കുട്ടികൾ ഷൈനിയുടെ കൈ പിടിച്ച് സ്‌കൂളിലേക്ക്. ഈ കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും നൽകി വരുന്നത് പടമുഖം സ്‌നേഹമന്ദിരമാണ്. ഡയറക്ടർ രാജുവിന്റെയും ഭാര്യ ഷൈനിയുടേയും ചിരകാലാഭിലാഷമാണ് ഈ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകണമെന്നുള്ളത്. മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലും പടമുഖം എസ്.എച്ച് യു.പി സ്‌കൂളിലും രാജമുടി ഡി പോൾ പബ്ലിക്ക് സ്‌കൂളിലുമാണ് ഈ കുട്ടികൾ പഠിക്കുന്നത്. സന്നദ്ധപ്രവർത്തകരുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് സ്‌നേഹമന്ദിരത്തിന്റെ അനുദിനപ്രവർത്തനങ്ങൾ നടക്കുന്നത്. വീൽ ചെയറിൽ സ്‌കൂളിൽ പോയിവരുന്ന വിജയ്, സഹദ് എന്നിവർക്കും മറ്റുകുട്ടികൾക്കും കാണപ്പെട്ട ദൈവമാണ് കുട്ടികൾ അമ്മയെന്ന് വിളിക്കുന്ന ഷൈനി. പലപ്പോഴായി വിധിയുടെ ക്രൂരതമൂലം സ്‌നേഹമന്ദിരത്തിലെത്തിയവരാണ് നിഷ്‌കളങ്കരായ ഈ കുട്ടികൾ. നല്ല ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയെല്ലാം സമയാസമയങ്ങളിൽ നൽകി സ്വന്തം മക്കളെപ്പോലെയാണ് ഷൈനിയും ഭർത്താവും ഈ കുട്ടികളെ പരിപാലിക്കുന്നത്. പുതിയ സ്‌കൂൾ വർഷത്തിൽ സ്‌നേഹമന്ദരത്തിലെ കുട്ടികൾ ചിരിച്ചും കളിച്ചും വീണ്ടും വിദ്യാലയത്തിലേക്ക് പുറപ്പെടുമ്പോൾ സമീപ വാസികളും നാട്ടുകാരും കൗതുകത്തോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.