തൊടുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള സ്‌കൂൾ ഏകീകരണത്തെ കെ.എസ്.ടി.എ ജില്ലാ പഠനക്യാമ്പ് സ്വാഗതം ചെയ്തു. ഡയറക്ടർ ജനറൽ ഒഫ് എഡ്യുക്കേഷൻ എന്ന ഒറ്റ സംവിധാനത്തിന് കീഴിൽ ഹയർസെക്കൻഡറി തലം വരെയുള്ള സ്‌കൂൾ പ്രവർത്തനം കൊണ്ടുവരാൻ കഴിഞ്ഞു. ഹയർ സെക്കൻഡറി തലം വരെയുള്ള എല്ലാ പരീക്ഷകളും ഒരു കമ്മിഷന്റെ കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞു. എല്ലാ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും പരമാധികാരി പ്രിൻസിപ്പലായി മാറും. ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകരുടെ പ്രമോഷൻ സാധ്യത നഷ്ടപ്പെടുത്താതെ വൈസ് പ്രിൻസിപ്പൽ തസ്തിക സൃഷ്ടിച്ചിരിക്കുന്നു. ഹയർസെക്കൻഡറി ഏകീകരണത്തിലൂടെ കുട്ടികളുടെയും സ്‌കൂളിന്റെയും ഗുണനിലവാരം ഉയർത്താൻ കഴിയുന്നു. സ്‌കൂളുകളിൽ മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്നു. ലൈബ്രറി, ലാബ് എന്നിവയുടെ പ്രയോജനം സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ലഭിക്കും. ഹയർസെക്കൻഡറി മേഖലയിൽ നൂറുകണക്കിന് പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടും. കായികവിദ്യാഭ്യാസം നടപ്പിലാക്കുന്നതും ലൈബ്രറി തസ്തിക സൃഷ്ടിക്കുന്നതിനും സാധിക്കും. സത്യാവസ്ഥ മറച്ചുവെച്ച് ദുഷ്പ്രചരണം നടത്തുകയും പ്രവേശനോത്സവം ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തേകേണ്ട പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയും ചെയ്യുന്ന ശക്തികളെ തിരച്ചറിയണമെന്നും കെ.എസ്.ടി.എ ജില്ലാ പഠനക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പഠനക്യാമ്പിന്റെ ഭാഗമായി നടന്ന വനിതരംഗം ക്ലാസ് എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റിയംഗവും എം.ജി. സർവ്വകലാശാല സെനറ്റംഗവുമായ അജി സി. പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മോളി ടി.ബി അദ്ധ്യക്ഷയായി. പി.ആർ. ബിന്ദു, അപർണ നാരായണൻ, എം.ടി. ഉഷാകുമാരി, എ.എം. ഷാജഹാൻ, എം. രമേശ്, മുരുകൻ വി. അയത്തിൽ, കെ.എ. ബിനുമോൻ എന്നിവർ സംസാരിച്ചു. സംഘടനാ രേഖയിന്മേൽ നടന്ന ചർച്ചയിൽ വി.എസ്. പ്രകാശ്, സി.എ. ഷമീർ, സി.എസ്. ഉഷാകുമാരി, ഗോകുൽരാജ്, എ.കെ. അബ്ബാസ്, ഇ.എസ്. സുബ്രഹ്മണ്യൻ, ജോർജ്ജ് വർഗീസ് എന്നിവർ സംസാരിച്ചു.