ഇടുക്കി: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ കട്ടപ്പന സ്വദേശി ജേക്കബ് മരിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തികൊണ്ട് നിയുക്ത എം.പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രോഗി കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിനു മുമ്പിൽ ഒരു മണിക്കൂറോളം കാത്ത് കിടന്നിട്ടും ഡോക്ടർമാരോ ജീവനക്കാരോ തിരിഞ്ഞു നോക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കത്തിൽ പറയുന്നു. മെഡിക്കൽ കോളേജ് പി.ആർ.ഒ സോനു ജെയിംസ് മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് രോഗിയെ കൊണ്ടുപോകാൻ നിർദ്ദേശിച്ചത് മെഡിക്കൽ എത്തിക്സിനു വിരുദ്ധമാണ്. സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സ ലഭിക്കാതെ നിരാശരായി സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ അവരും കൈയൊഴിഞ്ഞത് കേരളത്തെ ലോകത്തിനു മുമ്പിൽ നാണം കെടുത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ജനവിരുദ്ധ നിലപാടുകൾ ആവർത്തിക്കുകയാണ്. കാൻസർ ഇല്ലാത്ത യുവതിയ്ക്ക് കീമോ ചെയ്തത്, സിസേറിയൻ ചെയ്ത യുവതി നേരിട്ട യാതനകൾ ഇതെല്ലാം ഈ ദിവസങ്ങളിലാണ് നടന്നത്. മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ചികിത്സ നിഷേധിച്ചതിന്റെ തെളിവുകൾ ലഭ്യമാകും. ആശുപത്രി മുറ്റത്ത് ചികിത്സ നിഷേധിക്കപ്പെട്ടത് നവോത്ഥാന കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്. തിരുവനന്തപുരത്ത് 2017ൽ അന്യസംസ്ഥാന തൊഴിലാളി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച മുൻ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ആരോഗ്യമേഖലയിലെ ഉന്നതർ തയ്യാറായിട്ടില്ല. കോട്ടയം സംഭവത്തിൽ കുറ്റക്കാരായവരെ സർവീസിൽ നിന്ന് മാറ്റിനിർത്തി അന്വേഷിക്കണം. കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കാനും തയ്യാറാകണം. മരിച്ച ജേക്കബിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാഫറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.