രാജാക്കാട്: എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂളിൽ നിയുക്ത എം.പി ഡീൻ കുര്യാക്കോസിന് സ്വീകരണവും പ്രതിഭകളെ ആദരിക്കലും നടത്തി. എം.പി ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സ്‌കൂളിൽ എത്തിയ ഡീൻ കുര്യാക്കോസിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ രാധാകൃഷ്ണണൻ തമ്പി സ്വാഗതം ആശംസിച്ചു. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റത്തിന് വേണ്ടിയും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയും എല്ലാവർക്കുമൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ ഉന്നത വിജയത്തിലേയ്ക്ക് നയിച്ച അദ്ധ്യാപകർ, മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ, പി.ടി.എ ഭാരവാഹികൾ എന്നിവരെ ആദരിച്ചു. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കായിക രംഗത്ത് മികച്ച നേട്ടം കൈവരിച്ചവരെയും എം.പി ആദരിച്ചു. സ്‌കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് വീട് വയ്ക്കുന്നതിന് മുൻ അദ്ധ്യാപിക അല്ലി ടീച്ചർ സൗജന്യമായി സ്ഥലം വിട്ടുനൽകുന്നതിന്റെ രേഖകൾ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാമണി പുഷ്പജൻ, എസ്.ഐ പി.ഡി. അനൂപ്‌മോൻ, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, കെ.പി.സി.സി എക്‌സികൂട്ടീവ് അംഗം ആർ. ബാലൻപിള്ള, എം.പി. ജോസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.