കട്ടപ്പന: സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ വാട്ടർ അതോറിട്ടിയുടെ പീരുമേട് സബ് ഡിവിഷനിലെ പ്രവർത്തനം താറുമാറായി. ഒമ്പത് പഞ്ചായത്തുകളിലായി 176 കിലോമീറ്റർ പ്രവർത്തന മേഖലയുള്ള പീരുമേട് സബ് ഡിവിഷനിൽ സ്ഥിരം ജീവനക്കാരായുള്ളത് ഒരു അസി: എൻജിനിയറും ഒരു മീറ്റർ റീഡറും മാത്രം. 56 പമ്പ് ഓപ്പറേറ്റർമാർ ഉൾപ്പെടെ ബാക്കിയുള്ള 80 പേരും താത്കാലിക ജീവനക്കാരാണ്. താത്കാലികമായാണെങ്കിലും ഐ.ടി.ഐ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാൻ പാടുള്ളു. എന്നാൽ രാഷ്ട്രീയ സമ്മർദം മൂലം ഭരണകക്ഷികളുടെ പ്രതിനിധികളെയാണ് വർഷങ്ങളായി നിയമിക്കുന്നത്. ഇവരുടെ സാങ്കേതികമായ അജ്ഞതയും അശ്രദ്ധയും കാരണം തകരാറുകൾ സംഭവിച്ച് ജലവിതരണം മുടങ്ങുന്നത് പതിവാണ്. താത്കാലിക ജീവനക്കാർക്ക് വേതനം താരതമ്യേന കുറവാണ്. അതിനാൽ തന്നെ ജോലിയുടെ കാര്യത്തിലുള്ള ഉത്തരവാദിത്തവും പലർക്കും കണക്കാണ്.
പീരുമേട്, ഏലപ്പാറ സബ് ഡിവിഷനുകളിലായി രണ്ട് എ.ഇമാർ, രണ്ട് ഓവർസിയർമാർ, രണ്ട് മീറ്റർ റീഡർമാർ എന്നിവരുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പ് ഏലപ്പാറ സബ് ഡിവിഷൻ പീരുമേട്ടിൽ ലയിപ്പിച്ചപ്പോൾ തസ്തിക ഒരു എ.ഇയിലേക്കും ഒരു മീറ്റർ റീഡറിലേക്കും ചുരുങ്ങി. ഓവർസിയറുടെയും ഒരു മീറ്റർ റീഡറുടെയും തസ്തിക ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോസ്ഥർക്ക് എല്ലാ വർഷവും അപേക്ഷ അയക്കാറുണ്ട്. എന്നാൽ രാഷ്ട്രീയ സമ്മർദം മൂലം സ്ഥിരം ജീവനക്കാരുടെ നിയമനം നടത്താൻ വകുപ്പ് മേധാവികൾ തയ്യാറാകുന്നില്ല. ഇത് മൂലം തകരാർ പരിഹരിക്കാൻ കഴിയാതെ ആഴ്ചകളോ മാസങ്ങളോ ജലവിതരണം മുടങ്ങുന്ന സ്ഥിതിയാണ്. ലക്ഷങ്ങൾ കുടിശിക ലഭിക്കാനുള്ളതിനാൽ മുമ്പുണ്ടായിരുന്ന കരാറുകാരും തകരാർ പരിഹരിക്കാൻ തയ്യാറാകുന്നില്ല.