കട്ടപ്പന: അപകടഭീഷണിയുയർത്തി ഏലപ്പാറ കൊച്ചുകരിന്തരുവി റോഡിന്റെ തകർന്ന സംരക്ഷണഭിത്തി. മൂന്ന് വർഷം മുമ്പുണ്ടായ കാലവർഷത്തിലാണ് ഏലപ്പാറ- കൊച്ചുകരിന്തരുവി റോഡിന്റെ സംരക്ഷഭിത്തി തകരുന്നത്. ഏലപ്പാറയിൽ നിന്ന് പാതയിലേയ്ക്ക് പ്രവേശിക്കുന്നിടത്തായി കരിങ്കൽ കൊണ്ട് നിർമ്മിച്ചിരുന്ന സംരക്ഷണഭിത്തിയാണ് നിലംപതിച്ചത്. സമാന്തരമായി കടന്നു പോകുന്ന സംസ്ഥാന പാതയിലേയ്ക്കായിരുന്നു ഭിത്തി തകർന്നു വീണത്. നാളിതുവരെയായിട്ടും ഇത് പുനർനിർമ്മിക്കാൻ നടപടിയില്ല. ടാറിംഗ് നടത്തി നവീകരണം നടത്തിയെങ്കിലും തകർന്ന സംരക്ഷണ ഭിത്തി മാത്രം പുനർനിർമ്മിച്ചിട്ടില്ല. വീണ്ടുമൊരു കാലവർഷം എത്തിയതോടെ പാത കൂടുതൽ അപകടത്തിലാകുമെന്ന ആശങ്കയാണുള്ളത്. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാതയിലൂടെ കടന്ന് പോകുന്നത് അപകടഭീഷണിയുയർത്തുന്നുണ്ട്. ചെമ്മണ്ണ്,​ കൊച്ചുകരിന്തരുവി,​ പശുപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് ജനങ്ങൾ ഈ പാതയെയാണ് ആശ്രയിക്കുന്നത്. സ്‌കൂൾ, ആരാധനാലയം, വില്ലേജ് ഓഫീസ്, പൊതുമരാമത്ത് വകുപ്പിന്റെ അഥിതി മന്ദിരം എന്നിവടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. വൻ അപകടങ്ങൾക്കു വഴിയൊരുക്കാതെ അടിയന്തരമായി പാതയുടെ സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്‌.