രാജാക്കാട്: ബൈക്കിൽ എറണാകുളത്തിന് വിൽപ്പനയ്ക്ക് കൊണ്ടുപോകുകയായിരുന്ന 246 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ രാജാക്കാടിന് സമീപം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. രാജകുമാരി സൗത്ത് വളയമ്പ്രായിൽ നോബിൾ ബിജു (24), രാജാക്കാട് കാഞ്ഞിരംതടത്തിൽ അഖിൽ ശിവൻ (24) എന്നിവരാണ് ഇടുക്കി സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഓയിൽ കടത്താൻ ഉപയോഗിച്ചിരുന്ന ബൈക്കും പിടികൂടി. എക്‌സൈസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം ഞായറാഴ്ച രാത്രി എക്‌സൈസ് പാർട്ടി രാജാക്കാട് റെയ്ഡ് നടത്തുന്നതിനിടെ എത്തിയ ബൈക്ക് പരിശോധിച്ചപ്പോൾ ഓയിൽ നിറച്ച 62 ചെറിയ ഡപ്പികൾ വാഹനത്തിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഹാഷ് ഓയിൽ ആണെന്നും ചില്ലറ വിൽപ്പനയ്ക്കായി എറണാകുളത്തിന് കൊണ്ടുപോകുകയാണെന്നും പ്രതികൾ സമ്മതിച്ചു. നാല് ഗ്രാം ഓയിൽ ആണ് ഒരു ഡപ്പിയിൽ കൊള്ളുന്നത്. ഇതിന് 5,000 രൂപ വരെ കിട്ടുമെന്ന് പിടിയിലായവർ മൊഴി നൽകി. സംഘത്തിന്റെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. റെയ്ഡിൽ ഷാഡോ ടീം അംഗങ്ങളായ വി.പി. വിശ്വനാഥൻ, പി.എം. ജലീൽ, കെ.എൻ. സിജുമോൻ, അനൂപ് തോമസ്, പ്രിവന്റീവ് ഓഫിസർമാരായ പി.ആർ. സുനിൽ കുമാർ, മനോജ് മാത്യു, ഷാജി ജെയിംസ്, ടി.കെ. വിനോദ്, പി.ടി. സിജു, രാഹുൽ കെ. രാജ് എന്നിവരും പങ്കെടുത്തു.