അടിമാലി: പ്രളയത്തിൽ അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തവരുടെ ദുരിതങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നിയുക്ത എം.പി അഡ്വ. ഡീൻ കുര്യാക്കോസ്. ഇപ്പോഴും നഷ്ടപരിഹാരം ലഭിക്കാത്തവരുടെ പരാതികൾ കേൾക്കാൻ ഇന്നലെ രാവിലെ 11ന് അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവികുളം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി പേർ നിയുക്ത എം.പിക്കരികിൽ പരാതി ബോധിപ്പിക്കാനെത്തി. കൃഷിനാശം സംഭവിച്ചവരും വീടിന് ഭാഗികമായി കേടുപാടുകൾ പറ്റിയവരുമൊക്കെയായിരുന്നു കൂടുതലും. പഞ്ചായത്ത് ഹാളിൽ എത്തിയ മുഴുവൻ ആളുകളുടെയും പരാതികേട്ട ശേഷമാണ് ഡീൻ കുര്യാക്കോസ് മടങ്ങിയത്.