അടിമാലി: ചില്ലിത്തോട് പട്ടികജാതി കോളനിക്കാർക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിന് എസ്. രാജേന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പട്ടിക ജാതിക്കാർക്കായി വകുപ്പ് നൽകിയ ഭൂമിയാണെന്നും നിലവിൽ കുടുംബങ്ങളുടെ കൈവശമുള്ള രേഖവച്ച് പട്ടയം ലഭിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും യോഗത്തിന് ശേഷം എസ്. രാജേന്ദ്രൻ പറഞ്ഞു. പട്ടയ ലഭ്യതയ്ക്കായുള്ള നടപടി ക്രമങ്ങളുമായി മുമ്പോട്ട് പോകാൻ എസ്. രാജേന്ദ്രനെ മുഖ്യരക്ഷാധികാരിയാക്കിയുള്ള 21 അംഗ കമ്മറ്റിയെയും ആലോചനാ യോഗത്തിൽ തിരഞ്ഞെടുത്തു. 1974-75 കാലഘട്ടത്തിൽ പട്ടികജാതി വകുപ്പ് 90 കുടുംബങ്ങൾക്കായിരുന്നു ചില്ലിത്തോട്ടിൽ ഭൂമി അനുവദിച്ചത്. ഇന്നിപ്പോൾ 236 കുടുംബങ്ങൾ ഇവിടെ പട്ടയത്തിനായി കാത്തിരിക്കുന്നു. 50 വർഷം പഴക്കമുള്ള ചില്ലിത്തോട് പട്ടിക ജാതി കോളനിയിലുള്ളവരെ പട്ടയ വിഷയത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ അവഗണിക്കുന്നുവെന്ന പരാതിയാണ് പ്രദേശത്തെ 236 കുടുംബങ്ങൾക്കുള്ളത്. അനുവദിക്കപ്പെട്ട ഭൂമി മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ വരുന്നെന്ന കാരണത്താലാണ് അവഗണന.