മുട്ടം: പതിവായ വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് മുട്ടം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് മുട്ടം സബ് സ്റ്റേഷന്റെ മുന്നിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനത്തിൽ പ്രതിഷേധമിരമ്പി. അതി രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുക, മുട്ടം സബ്‌സ്റ്റേഷനോടനുബന്ധിച്ച് സെക്ഷൻ ഓഫീസ് അനുവദിക്കുക, വൈദ്യുതി തടസം ഉടൻ പരിഹരിക്കാൻ രാത്രിയും പകലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം. തുടർന്ന് ടൗണിൽ നടന്ന പ്രതിക്ഷേധ യോഗത്തിൽ യൂണീറ്റ് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.എ. പരീത്, ബിജു സി. ശങ്കർ, ബിജി ചിറ്റാട്ടിൽ, റെനി ആലുങ്കൽ എന്നിവർ യോഗത്തിൽ സംസാരിച്ചു. കുറേനാളുകളായി മുട്ടത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ പ്രദേശവാസികളും വ്യാപാരികളും നട്ടം തിരിയുകയാണ്. ജില്ലാ കോടതി, ജില്ലാ ജയിൽ, ജില്ലാ ഹോമിയോ ആശുപത്രി, എൻജീനിയറിംഗ് കോളേജ്, ഗവൺമെന്റ് പൊളി ടെക്നിക്ക്, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, വ്യവസായ പ്ലോട്ട്, അതീവ സുരക്ഷ മേഖലയായ മലങ്കര ഡാം പ്രദേശം, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, നിരവധി വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുട്ടം. പ്രതിസന്ധിക്ക് പരിഹാരമായി കഴിഞ്ഞ വർഷം മുട്ടത്ത് സബ് സ്റ്റേഷൻ പ്രവർത്തന സജ്ജമായെങ്കിലും വൈദ്യുതി മുടക്കത്തിന് ഒരു കുറവുമുണ്ടായില്ല. വിവിധ മേഖലകളിലുള്ള സംഘടനകളും വ്യക്തികളും ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി പരാതികൾ നൽകിയെങ്കിലും പരിഹാരമായില്ല. അടിക്കടിയുള്ള വൈദ്യുതി മുടക്കം മൂലം മുട്ടം പ്രദേശത്തുള്ള ബേക്കറി, മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടൽ, റസ്റ്റോറന്റുകൾ, കോൾഡ് സ്റ്റോറേജുകൾ, മില്ലുകൾ, വ്യവസായ പ്ലോട്ടിലുള്ള വിവിധ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്. രാത്രി കാലങ്ങളിലെ വൈദ്യുതി മുടക്കം മലങ്കര ഡാമിന്റെയും അതിനോടനുബന്ധിച്ചുള്ള ടൂറിസം പ്രദേശത്തിന്റെയും സുരക്ഷിതത്വത്തിനും ഏറെ ഭീഷണിയാണുയർത്തുന്നത്. രാത്രി കാലങ്ങളിൽ വൈദ്യുതി തടസം ഉണ്ടായാൽ പിറ്റേന്ന് രാവിലെ 11ന് ജീവനക്കാരെത്തി വേണം പ്രശ്നം പരിഹരിക്കാൻ. വേനൽക്കാലത്തും മഴക്കാലത്തും ഈ അവസ്ഥയാണ് മുട്ടത്ത് നിലനിൽക്കുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയാണ് വ്യാപാരികൾ ഒന്നടങ്കം സംഘടിച്ചത്.