jessy
ജില്ലാ ഉപഭോക്തൃ വിജിലൻസ് ഫോറം വാർഷിക സമ്മേളനം തൊടുപുഴ എൻജിഒ യൂണിയൻ ഹാളിൽ മുനിസിപ്പൽ ചെയർപേഴ്സൺ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ജില്ലയിലെ ഭൂമി റീസർവേ ആഗസ്റ്റ് 30ന് മുമ്പ് പൂർത്തീകരിച്ചില്ലെങ്കിൽ പ്രത്യേക സമര പരിപാടികൾക്ക് രൂപം നൽകാൻ ജില്ലാ ഉപഭോക്തൃ വിജിലൻസ് ഫോറം വാർഷിക സമ്മേളനത്തിൽ തീരുമാനം. റീസർവേ നടപടികൾ പൂർത്തീകരിക്കുന്നതിന് ഹൈക്കോടതി നിശ്ചയിച്ച കാലാവധി ആഗസ്റ്റ് 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സംഘടനയുടെ തീരുമാനം. സംഘടന കക്ഷിയായ കേസിന്റെ തുടർനടപടികളിലാണ് റീ സർവേ ആഗസ്റ്റ് 30ന് മുമ്പ് അത് പൂർത്തിയാക്കി റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതനുസരിച്ച് തുടക്കത്തിൽ സർവേ നടപടികൾ കാര്യക്ഷമമായി മന്നോട്ടു പോയെങ്കിലും പിന്നീട് മന്ദീഭവിക്കുകയായിരുന്നു. പ്രസിഡന്റ്, അംഗങ്ങൾ എന്നിവരുടെ നിയമനം വൈകുന്നതുമൂലം സംസ്ഥാനത്തെ പകുതിയിലേറെ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.
വാർഷിക സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച സെമിനാറിന് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ബാബു സെബാസ്റ്റ്യൻ നേതൃത്വം നൽകി. വിജിലൻസ് ഫോറത്തിന്റെ പുതിയ ഭാരവാഹികളായി എം.എൻ. മനോഹർ (പ്രസിഡന്റ്), സെബാസ്റ്റ്യൻ എബ്രഹാം (സെക്രട്ടറി), സുകുമാർ അരിക്കുഴ (ട്രഷറർ), രമണി ശിവശങ്കരൻ നായർ (വൈസ് പ്രസിഡന്റ്), സിബി തോമസ് (ജോ. സെക്രട്ടറി) എന്നിവർ അടങ്ങുന്ന 13 അംഗ ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.