മറയൂർ: ഭാര്യയുമായി അടുപ്പമുണ്ടെന്ന് സംശയം തോന്നിയ യുവാവിനെ വെട്ടി പരിക്കേൽപിച്ച ശേഷം വാക്കത്തിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പെരിയകുടി സ്വദേശിയായ മനോജാണ് (25) ഇന്നലെ രാവിലെ 8.30ന് മറയൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തലയ്ക്ക് പരിക്കേറ്റ ഇതേകോളനിയിലെ സുരേഷിനെ (21) മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 1.30ന് മറയൂർ പഞ്ചായത്തിൽ പെരിയകുടി ആദിവാസി കോളനിയിലായിരുന്നു സംഭവം. കഴിഞ്ഞ ഏഴിന് കുടിക്ക് അകലെയുള്ള കൃഷിയിടത്തിൽ ഭാര്യയ്ക്കൊപ്പം സുരേഷിനെ മനോജ് കണ്ടിരുന്നു. മനോജിനെ കണ്ടതും സുരേഷ് ഓടി രക്ഷപ്പെട്ടു. മനോജ് ഇക്കാര്യത്തെക്കുറിച്ച് ഊരുകൂട്ടത്തിൽ പരാതി നൽകി. തിങ്കളാഴ്ച രാത്രി കാണിയുടെ നേതൃത്വത്തിൽ ഊരുക്കൂട്ടം പ്രശ്നം ചർച്ച ചെയ്തു പിരിഞ്ഞ ശേഷമാണ് രാത്രി 1.30ന് മനോജ് വാക്കത്തി കൊണ്ട് സത്രത്തിന് സമീപത്ത് വച്ച് സുരേഷിന്റെ തലയ്ക്കിട്ട് വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. വെട്ടു കൊണ്ടതും സുരേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി മുഴുവൻ സുരേഷിനെ തിരഞ്ഞ് നടന്ന മനോജ് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പുലർച്ചെ പരിക്കേറ്റ നിലയിൽ കൂടക്കാട് വനം വകുപ്പിന്റെ വാച്ചർ ഷെഡിൽ സുരേഷിനെ കണ്ടെത്തി. തുടർന്ന് സുരേഷിനെ വാച്ചർമാർ മറയൂരിലെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ മറയൂർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. മറയൂർ ഇൻസ്‌പെക്ടർ വി.ആർ.ജഗദീഷ്, അഡീ. എസ്. ഐ. മജീദ്.വി.എം, സജീവ്. എൻ.ബി. എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.